വിഷുപ്പുലരിയില്‍ കണികാണാനും ദര്‍ശനം നടത്താനും ശബരിമലയില്‍ ഭക്തജനത്തിരക്ക്. പുലര്‍ച്ചെ മൂന്നു മണിക്ക് നട തുറന്ന് ആദ്യം അയ്യപ്പനെ കണി കാണിച്ചു. തുടര്‍ന്നായിരുന്നു ഭക്തര്‍ക്ക് കണിദര്‍ശനം. ഉച്ചപൂജ വരെ കണി ദർശനം തുടരും. തന്ത്രി കണ്ഠര് രാജീവര് മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ ഭക്തര്‍ക്ക് വിഷുകൈനീട്ടം നല്കി.
ഗുരുവായൂരപ്പനെ കണികണ്ട് തൊഴാൻ ഭക്തജനത്തിരക്ക്. പുലർച്ചെ 2.30 നും 3.30 നും ഇടയിലായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം. ഇന്നലെ രാത്രി ശ്രീകോവിലിനുള്ളിൽ തയാറാക്കി വച്ച വിഷുക്കണി ഗുരുവായൂരപ്പനെ കാണിച്ചതോടെയാണ് വിഷുക്കണി ദർശനം ആരംഭിച്ചത്. തുടർന്ന് ശ്രീകോവിലിന് മുന്നിൽ സ്വർണപീഠത്തിൽ കൃഷ്ണന്റെ തങ്കത്തിടമ്പിന്റെ അകമ്പടിയോടെ കണിവസ്തുക്കൾ പ്രദർശിപ്പിച്ച് ഭക്തർക്ക് വിഷുക്കണി കണ്ട് തൊഴാൻ അവസരമൊരുക്കി. മേൽശാന്തി പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരി ഭക്തർക്ക് കൈനീട്ടം നൽകി. വിഷുക്കണി ദർശന സമയം പിന്നിട്ടെങ്കിലും വലിയ തിരക്കാണ് ക്ഷേത്രത്തിൽ.