മൂന്നാര്‍, ദേവികുളം കയ്യേറ്റങ്ങളെയും ഒഴിപ്പിക്കലിനെയും ചൊല്ലി സിപിഎമ്മും സിപിഐയും നേര്‍ക്കുനേര്‍. ഒരു വകുപ്പും എല്‍ഡിഎഫ് ആര്‍ക്കും തീറെഴുതിയിട്ടില്ലെന്ന് മന്ത്രി എം.എം.മണിയുടെ പ്രസംഗത്തിനെതിെര സിപിഐ രൂക്ഷമായി പ്രതികരിച്ചു. അതേസമയം, സബ്കലക്ടറെ രൂക്ഷമായി വിമര്‍ശിച്ച് എസ്. രാജേന്ദ്രന് എംഎല്‍എ രംഗത്തെത്തി. കലക്ടറെ അഭിനന്ദിച്ച് റവന്യുമന്ത്രി ഫോണ്‍ വിളിച്ചതിനു പിന്നാലെയാണ് എംഎല്‍എയുടെ വിമര്‍ശനം.
ദേവികുളത്തെ കയ്യേറ്റം ഒഴിപ്പിക്കല്‍ ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷികള്‍ തമ്മിലുള്ള ഭിന്നത വീണ്ടും രൂക്ഷമാക്കി. എരിതീയില്‍ എണ്ണയൊഴിക്കുന്നതായിരുന്നു മന്ത്രി എം. എം. മണിയുടെ പ്രസംഗം. മന്ത്രി മണിയെ സിപിഐ ജില്ലാ നേതൃത്വം കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. കേരളത്തിൽ തമ്പുരാൻ വാഴ്ചയല്ലെന്ന് എല്ലാവരും ഓര്‍ക്കണമെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമന് പറഞ്ഞു.
ദേവികുളം സബ് കല്കടറെ പരിഹസിച്ചും ആരോപണങ്ങള്‍ ഉന്നയിച്ചുമായിരുന്നു എസ്. രാജേന്ദ്രന് എംഎല്‍എയുടെ വാര്‍ത്താസമ്മേളനം. സബ് കലക്ടറുടെ അഭിനയം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് പറഞ്ഞ രാജേന്ദ്രന് ദേവികുളത്തെ കയ്യേറ്റം ഒഴിപ്പിച്ചത് പൊതുപ്രവര്‍ത്തകരാണെന്നും നിലപാടെടുത്തു. കയ്യേറ്റത്തിനു പിന്നില്‍ സബ് കലക്ടറാണെന്നുവരെ രാജേന്ദ്രന് ആരോപിച്ചു
അതേസമയം, സിപിഎം കയ്യേറ്റക്കാര്‍ക്കു കൂട്ടുനില്‍ക്കുകയാണെന്ന് ആരോപിച്ച് സിപിഎമ്മില്‍ നിന്നും സിഐടിയുവില്‍ നിന്നും രാജിവയ്ക്കുകയാണെന്ന് പൊമ്പിളൈ ഒരുമ നേതാവ് ഗോമതി അറിയിച്ചു