പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ തീരുമാനത്തിന് പിന്നാലെ പാര്‍ട്ടിപത്രത്തില്‍ നിന്ന് ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്ത് രാജിവച്ചു. സര്‍ക്കാരിനും പാര്‍ട്ടിക്കും നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ചാണ് കോഴിക്കോട് വളയം വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് അംഗമായ ശ്രീജിത്തിനെ പുറത്താക്കിയത്.
എന്നാല്‍ കുടുംബം നടത്തിയ സമരം പാര്‍ട്ടിക്കോ സര്‍ക്കാരിനോ എതിരായിരുന്നില്ലെന്ന് അമ്മാവന് കെ.കെ. ശ്രീജിത്ത്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നീതിനിഷേധമുണ്ടായി. അതിനെതിരെയാണ് പോരാടിയത്. പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താക്കലില്‍ അതീവ ദുഃഖമുണ്ടെന്നും നടപടി വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ശ്രീജിത്തിനെ പുറത്താക്കി വണ്ണാര്‍കണ്ടി ബ്രാഞ്ച് കമ്മിറ്റി എടുത്ത തീരുമാനം വളയം ലോക്കല്‍ കമ്മിറ്റി അംഗീകരിച്ചു. സി.പി.എം സംസ്ഥാന നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് നടപടി. 1996 മുതല്‍ ബ്രാഞ്ച് അംഗമാണ് കെ.കെ.ശ്രീജിത്. ജിഷ്ണു കേസില്‍ ഡി.ജി.പി ഓഫിസിന് മുന്നില്‍ നടത്തിയ സമരം സര്‍ക്കാരിന് തിരിച്ചടിയായ ഘട്ടത്തിലാണ് പാര്‍ട്ടി നടപടി.