ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് നാല് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. 179 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ഇന്ത്യന്‍സ് മറികടന്നു. നിതീഷ് റാണെയുടേയും ഹര്‍ദിക് പാണ്ഡ്യയുടേയും ബാറ്റിങ് മികവിലാണ് മുംബൈ അവിശ്വസനീയ ജയം സ്വന്തമാക്കിയത്.
വാങ്കഡെയെ ത്രസിപ്പിച്ച നിമിഷം. കുട്ടിക്രിക്കറ്റിന്റെ മുഴുവന്‍ അനിശ്ചിതത്വവും നിറഞ്ഞ പോരാട്ടത്തില്‍ ക്രിക്കറ്റിലെ ദൈവത്തിന് പോലും അടങ്ങിയിരിക്കാനായില്ല. 17ാം ഓവര്‍ അവസാനിച്ചപ്പോള്‍ ഇന്ത്യന്‍സിന് വേണ്ടിയിരുന്നത് 18 പന്തില്‍ 49 റണ്‍സ്. ക്രീസില്‍ നിതീഷ് റാണെയും ഹര്‍ദിക് പാണ്ഡ്യയും. ട്രെന്റ് ബൌള്‍ട്ടിന്റെ ഓവറില്‍ 19 റണ്‍സ് വീണതോടെ നിശബ്ദമായിരുന്ന ഗ്യാലറികള്‍ വീണ്ടും സജീവമായി. രജ്പുട്ടിന്റെ 19ആം ഓവറില്‍ റാണ കടന്നാക്രമണം തുടര്‍ന്നെങ്കിലും മൂന്നാം പന്തില്‍ പുറത്ത്. അവസാന ഓവറില്‍ വേണ്ടത് 11 റണ്‍സ്. മഞ്ഞില്‍ കുതിര്‍ന്ന ഔട്ട്ഫീല്‍ഡില്‍ നൈറ്റ്റൈഡേഴ്സ് ഫീല്‍ഡര്‍മാരുടെ കൈകള്‍ വഴുതിയപ്പോള്‍ ജയം ഇന്ത്യന്സിനൊപ്പമായി.
11 പന്തില്‍29 റണ്‍സുമായി പാണ്ഡ്യ പുറത്താകാതെ നിന്നപ്പോള്‍ 29 പന്തില്‍ 50 അടിച്ചാണ് റാണ മാന്‍ ഓഫ് ദി മാച്ചായത്. മനീഷ് പാണ്ഡെയെന്ന ഒറ്റയാന്റെ തോളിലായിരുന്നു നൈറ്റ് റൈഡേഴ്സിന്റെ പ്രയാണം. പുറത്താകാതെ പാണ്ഡെ നേടിയ 81 റണ്‍സില്‍ 5 ഫോറും 5 സിക്സും ഉള്‍പ്പെട്ടു. മൂന്ന് വിക്കറ്റുമായി കൃണാല്‍ പാണ്ഡ്യയും 2 വിക്കറ്റെടുത്ത് ലസിത് മലിംഗയും മുംബൈ ബോളിങ്ങിലെ ശക്തികേന്ദ്രങ്ങളായി
Advertisement