പിഴവു കണ്ടുപിടിച്ചിട്ടും യുഡിഎഫ് സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പത്രിക തള്ളാത്തതിനെതിരെ കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനുകൾക്കു പരാതി നൽകുമെന്നു ബിജെപി. ഹൈക്കോടതിയെയും സമീപിക്കും. കലക്ടർക്കെതിരെയും പരാതി നൽകുമെന്നു യുവമോർച്ച സംസ്ഥാന ജന.സെക്രട്ടറി ആർ.എസ്.രാജീവ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രൻ, ജന. സെക്രട്ടറി പി.ആർ.രശ്മിൽനാഥ്, മേഖലാ ജന.സെക്രട്ടറി എം.പ്രേമൻ എന്നിവർ പറഞ്ഞു.
അതേസമയം, നാമനിർദേശ പത്രികയിൽ പിഴവു കണ്ടെത്തിയെങ്കിലും ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പത്രിക വരണാധികാരി കൂടിയായ കലക്ടർ അമിത് മീണ സ്വീകരിച്ചു. ഒരു കോളം പൂരിപ്പിക്കാതെ ഒഴിച്ചിട്ടതു പത്രിക തള്ളാൻ മതിയായ കാരണമല്ലെന്നു കലക്ടർ പറഞ്ഞു. രണ്ടുപേർ കുഞ്ഞാലിക്കുട്ടിക്കെതിരെ പരാതി നൽകിയിരുന്നു. അവർക്കു കോടതിയെ സമീപിക്കാമെന്നും കലക്ടർ പറഞ്ഞു.