ആര്.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ശശികല വിഭാഗത്തിന് അണ്ണാ ഡിഎംകെ അമ്മ എന്ന പേരും പനീര്‍സെല്‍വം വിഭാഗത്തിന് അണ്ണാ ഡിഎംകെ പുരൈട്ച്ചി തലൈവി അമ്മ എന്ന പേരും തിരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചു. തൊപ്പിയും ഇല്ക്രടിക് പോസ്റ്റുമാണ് ഇരു വിഭാഗത്തിനും അനുവദിച്ച ചിഹ്നം. അതിനിടെ ആര്.കെ. നഗറില്‍ മല്‍സരിയ്ക്കാന്‍ ശരത്കുമാറിന്റെ സമത്വമക്കള്‍ കക്ഷിയും രംഗത്തെത്തി. ആര്‍ക്കും പിന്തുണയില്ലെന്ന് രജനികാന്ത് അറിയിച്ചു.
അണ്ണാ ഡിഎംകെ അമ്മ, അണ്ണാ ഡിഎംകെ പുരൈട്ച്ചി തലൈവി അമ്മ എന്നിങ്ങനെ ചെറിയ വ്യത്യാസങ്ങളുള്ള പേരുകളാണ് ശശികല, പനീര്‍സെല്‍വം വിഭാഗങ്ങള്‍ക്ക് അനുവദിച്ചത്. ഓട്ടോറിക്ഷ, തൊപ്പി, ബാറ്റ് എന്നിവയിലേതെങ്കിലും ചിഹ്നമായി നല്‍കണമെന്നായിരുന്നു ശശികല പക്ഷത്തിന്റെ ആവശ്യം. ഇതില്‍ ഓട്ടോറിക്ഷയാണ് അനുവദിച്ച് കിട്ടിയത്. എന്നാല്‍ തൊപ്പി വേണമെന്ന ആവശ്യവുമായി ശശികല വിഭാഗം വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇക്കാര്യത്തില്‍ കമ്മീഷന് അധികം വൈകാതെ തീരുമാനമെടുക്കും. ഇലക്ട്രിക് പോസ്റ്റാണ് ഒ.പി.എസ്. പക്ഷത്തിന് അനുവദിച്ച ചിഹ്നം.
അതിനിടെ ആര്. കെ നഗറില്‍ മല്‍സരിയ്ക്കാന്‍ ശരത്കുമാറിന്റെ സമത്വ മക്കള്‍ കക്ഷിയും രംഗത്തെത്തി. പ്രാദേശിക നേതാവായ ആന്റണി സേവ്യറാണ് സ്ഥാനാര്‍ഥി. ആര്. കെ നഗറില്‍ ആര്‍ക്കും പിന്തുണയില്ലെന്ന് നടന് രജനികാന്തും പ്രഖ്യാപിച്ചു. ബിജെപി സ്ഥാനാര്‍ഥി ഗംഗൈ അമരന് കഴിഞ്ഞ ദിവസം രജനികാന്തുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ രജനികാന്ത് ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ശക്തമായ സാഹചര്യത്തിലാണ് സൂപ്പര്‍സ്റ്റാര്‍ ട്വിറ്ററിലൂടെ നിലപാട് വ്യക്തമായത്.