തിരുവനന്തപുരം വിമാനത്താവളത്തിൽ സെൽഫ് ചെക് ഇൻ കിയോസ്ക് തുടങ്ങി. ചെക് ഇൻ കൗണ്ടറുകളിൽ വരി നിൽക്കാതെ യാത്രാ ടിക്കറ്റ് ഉപയോഗിച്ചു സ്വയം ചെക് ഇൻ ചെയ്യാൻ കഴിയുന്ന കോമൺ യൂസർ സെൽ സർവീസിങ് കിയോസ്ക് ആണു തുടങ്ങിയത്. ഇന്റർനാഷനൽ, ഡൊമസ്റ്റിക് ടെർമിനലുകളിൽ കിയോസ്ക് സേവനം ലഭിക്കും.
ജെറ്റ്, ഇൻഡിഗോ വിമാനങ്ങളിലെ ആഭ്യന്തരയാത്രക്കാർക്കു സേവനം പ്രയോജനപ്പെടുത്താം. ടിക്കറ്റിലെ പിഎൻആർ നമ്പർ കിയ്സോകിലെ സ്ക്രീനിൽ രേഖപ്പെടുത്തിയാൽ ബോർഡിങ് പാസ് ലഭിക്കും. ആവശ്യകത വിലയിരുത്തി കൂടുതൽ ചെക് ഇൻ കിയോസ്കുകൾ സ്ഥാപിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ ജോർജ് ജി.തരകൻ അറിയിച്ചു.
സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ വി.ഭാസ്കരൻ കിയോസ്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. എയർലൈൻസ് ഓപ്പറേറ്റിങ് കമ്മിറ്റി ചെയർമാൻ വിജയ് ഭൂഷൺ, ജെറ്റ് എയർവേയ്സ് സ്റ്റേഷൻ മാനേജർ ജോയ് ചിത്ര എന്നിവർ പ്രസംഗിച്ചു.