എംസി റോഡിൽ തകരാറിലായ ഏനാത്ത് പാലത്തിന് സമാന്തരമായി താൽക്കാലിക പാലം നിർമിക്കുന്നതിന് സംസ്ഥാനസർക്കാർ കരസേനയുടെ സഹായംതേടി. യുദ്ധകാലാടിസ്ഥാനത്തിൽ പാലം നിർമിക്കണം എന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പ്രതിരോധമന്ത്രി മനോഹർ പരീക്കറിന് കത്തയച്ചു.
പത്തനംതിട്ടയിലെ ഏനാത്ത് പാലത്തിലെ തകരാർ പരിഹരിക്കുന്ന നടപടി നീളുന്ന സാഹചര്യത്തിലാണ് താൽക്കാലിക പാലം നിർമിക്കുന്നതിന് കരസേനയുടെ സഹായം തേടി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ കത്തയച്ചിരിക്കുന്നത്. കരസേനാഉദ്യോഗസ്ഥർ അടിയന്തരമായി സ്ഥലം സന്ദർശിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി താൽക്കാലിക പാലത്തിന് നടപടിയെടുക്കണം എന്നാണ് ആവശ്യം. കരസേനയിലെ എൻജിനീയറിങ് വിഭാഗവുമായി മന്ത്രിയുടെ ഓഫിസ് ഫോണിൽ ബന്ധപ്പെട്ടു. കഴിഞ്ഞമാസം പത്തിനായിരുന്നു ഡക്ക് സ്ലാബ് താഴ്ന്ന് പാലം ഗതാഗതയോഗ്യമല്ലാതായത്.
പാലം പുനർനിർമിക്കാൻ സർക്കാർ തീരുമാനിക്കുകയും മന്ത്രിസഭ ഭരണാനുമതി നൽകുകയും ചെയ്തിട്ടുണ്ട്. താൽക്കാലിക ഇരുമ്പുപാലത്തിനുള്ള എസ്റ്റിമേറ്റ് സമർപ്പിക്കാൻ കേരള സ്റ്റീൽ ഇൻഡസ്ട്രീസിനെ ചുമതലപ്പെടുത്തിയിരുന്നു. എസ്റ്റിമേറ്റും ചെലവും പരിശോധിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഗതാഗതം വഴിതിരിച്ചുവിടുന്നതുമൂലം പൊതുജനത്തിനനുഭവപ്പെടുന്ന ബുദ്ധിമുട്ട് അടിയന്തരമായി പരിഹരിക്കുന്നതിനാണ് ഇപ്പോൾ കരസേനയുടെ സഹായം തേടിയത്.