ആലപ്പുഴ ചെങ്ങന്നൂര്‍ ഗവണ്മെന്റ് എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് ആവേശമായി റോബോത്തോണ്. തല്‍സമയ റോബോട്ട് നിര്‍മാണ മല്‍സരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പതിന്നാല് ടീമുകളാണ് പങ്കെടുത്തത്. കുഞ്ഞന്‍ റോബോട്ടുകളുടെ വിശാലമായ സാധ്യതകളാണ് വിദ്യാര്‍ഥികള്‍ കാഴ്ചക്കാര്‍ക്കും വിധികര്‍ത്താക്കള്‍ക്കും മുന്നില്‍ നിരത്തിയിട്ടത്.
റയില്‍വേ ലൈനില്‍ തുടര്‍ച്ചയായി പരിശോധന നടത്തി വിള്ളലുകളോ തടസങ്ങളോ ഉണ്ടോയെന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍വഴി സന്ദേശം നല്കുന്ന ക്രാക്ക് ഡിറ്റക്ടര്‍ റോബോട്ട്, കുട്ടികളെയും പ്രായമായവരെയും മറ്റ് സ്ഥലങ്ങളിലിരുന്ന് നിരീക്ഷിക്കുന്നതിനും ചോദ്യങ്ങള്‍ക്ക് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ മറുപടി നല്‍കുകയും ചെയ്യുന്ന അലക്സാ, ബെഡ് ആയും കസേരയായും ഉപയോഗിക്കാന്‍ കഴിയുന്ന വിവിധാവശ്യ വീല്‍ചെയര്‍ , സുരക്ഷയ്ക്കായി നിലത്തും ആകാശത്തും നിരീക്ഷണം നടത്തുന്നതിനുള്ള റോബോട്ടുകള്‍ , കാഴ്ച വൈകല്യമുള്ളവരെ സഹായിക്കുന്നതിനുള്ള വാക്കിങ് സ്റ്റിക്ക് തുടങ്ങി നിരവധി ആശയങ്ങളുമായാണ് വിദ്യാര്‍ഥികള്‍ എത്തിയത്.
ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളജിലെ റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍ സൊസൈറ്റിയും ഐ.ഇ.ഡി.സി വിഭാഗവും ചേര്‍ന്നാണ് രാജ്യത്തെ ഏക റോബത്തോണിന്റെ മൂന്നാം പതിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. അടുത്തവര്‍ഷം ദേശീയതലത്തിലുള്ള റോബത്തോണ് നടത്താനുള്ള ശ്രമത്തിലാണ് സംഘാടകര്‍. നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കുഞ്ഞന്‍ റോബോട്ടിനെയും വിദ്യാര്‍ഥികള്‍ക്ക് കാണുന്നതിനായി എത്തിച്ചിരുന്നു.