എംസി റോഡിൽ തകർച്ചയിലായ പാലത്തിന് പകരം ബെയ്്്ലി പാലം നിർമിക്കുന്നതിനുള്ള നടപടി തുടങ്ങി. രൂപരേഖ തയാറാക്കിയതിനൊപ്പം മണ്ണ് പരിശോധന ആരംഭിച്ചു. തകർച്ചയിലായ ഏനാത്ത് പാലത്തിന്റെ തൂണുകളുടെ അറ്റകുറ്റപ്പണികളും തുടങ്ങിയിട്ടുണ്ട്.
പൊളിച്ച പഴയ പാലത്തിന് മീറ്ററുകളുടെ മാത്രം വ്യത്യാസത്തിലായിരിക്കും ബെയ്്്ലി പാലം നിർമിക്കുക. നേരത്തെ മണൽ കയറ്റാൻ വാഹനങ്ങളെത്തിയിരുന്ന വഴി യോജിപ്പിച്ചായിരിക്കും നിർമാണം. 50 മീറ്റർ നീളത്തിൽ മൂന്ന് മീറ്റർ വീതിയുള്ള പാലമാണ് നിർമിക്കുക. അപ്രോച്ച് റോഡിന് വീതികുറവായതിനാൽ ഒരേസമയം ഒരുദിശയിലേയ്ക്ക് മാത്രമേ വാഹനങ്ങൾ കടത്തിവിടൂ. കാർ ഓട്ടോ ബൈക്ക് എന്നിവയ്ക്ക് സഞ്ചരിക്കാം. ബസുകൾ നിലവിൽ സഞ്ചരിക്കുന്ന തരത്തിൽ സർവീസ് നടത്തും.
20 ദിവസം കൊണ്ട് ബെയ്്്ലി പാലം പൂർത്തിയാക്കുവാൻ കഴിയുമെന്നാണ് വിലയിരുത്തൽ. തടയണ ഒഴിവാക്കി 10 അടി ഉയരത്തിലായിരിക്കും നിർമാണം. ഇതിനുള്ള ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കണമെന്നാണ് സൈന്യം അറിയിച്ചിട്ടുള്ളത്. ഇതോടൊപ്പം തകർച്ചയിലായ ഏനാത്ത് പാലത്തിന്റെ അറ്റകുറ്റപ്പണികളും തുടങ്ങിയിട്ടുണ്ട്. നിലവിൽ എട്ട് മാസമാണ് അറ്റകുറ്റപ്പണിയുടെ കാലാവധി പറയുന്നത്.