പ്ലാസ്റ്റിക് കാരിബാഗ് നിരോധനത്തിനൊരുങ്ങുന്ന തിരുവനന്തപുരം നഗരസഭയ്ക്ക് പൊലീസിന്റെ പിന്തുണ. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് നഗരസഭ വിളിച്ച യോഗത്തിൽ ഡി.ജി.പി ലോക് നാഥ് ബെഹ്റ ഉൾപ്പടെയുള്ളവർ പങ്കെടുത്തു
അടുത്തമാസം ഒന്നു മുതലാണ് തിരുവനന്തപുരം നഗരത്തിൽ പ്ലാസ്റ്റിക് കാരി ബാഗ് നിരോധനം നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് പിന്തുണ ഉറപ്പിക്കാനായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. വരും ദിവസങ്ങളിൽ നഗരത്തിലെ കച്ചവടകേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് കാരി ബാഗ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട നോട്ടീസ് നൽകുമെന്ന് മേയർ വി.കെ. പ്രശാന്ത് പറഞ്ഞു. ഭാഗീക നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ വലിയ തടസങ്ങളില്ലാതെ ലക്ഷ്യം കൈവരിക്കാമെന്നാണ് നഗരസഭയുടെ പ്രതീക്ഷ. പ്ലാസ്റ്റിക് കാരി ബാഗുകൾ നിരോധിക്കുന്ന സാഹചര്യത്തിൽ ബധൽ സംവിധാനമെന്ന നിലയ്ക്ക് പേപ്പർ കാരി ബാഗുകളും തുണിസഞ്ചികളും വ്യാപകമാക്കാനും പ്രചരിപ്പിക്കാനും നഗരസഭ പദ്ധതിയിട്ടുണ്ട്. കുടുംബശ്രീയൂണിറ്റുകൾക്ക് പേപ്പർ, തുണി ബാഗുകൾ നിർമിക്കാനുള്ള സംരഭം തുടങ്ങാനായി നഗരസഭ പ്ലാൻ ഫണ്ടിൽ നിന്ന് വായ്പയും അനുവദിക്കും.