പത്തനംതിട്ട നാരങ്ങാനം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയതിനാണ് ഡിസിസിയുടെ നടപടി. ബിജെപിയുടെ പിന്തുണതേടിയ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ നാല് അംഗങ്ങളെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.
നാലുദിവസം മുന്പുനടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൂട്ടുകെട്ട് പാടില്ലെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഇത് ലംഘിച്ച് ബിജെപിയുടെ സഹായത്തോടെ കോണ്‍ഗ്രസ് പ്രതിനിധി കെ.ശ്രീകാന്ത് പ്രസിഡന്റായി. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിയെ കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണച്ചു. വിഷയത്തില്‍ കെപിസിസി നേതൃത്വം ഡിസിസിയോട് വിശദീകരണംതേടിയിരുന്നു.
ഡിസിസി പ്രസിന്റ് ബാബു ജോര്‍ജ് നടത്തിയ അന്വേഷണത്തിലാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ അവിശുദ്ധകൂട്ടുകെട്ട് വ്യക്തമായത്. പ്രാദേശിക നേതൃത്വത്തിന് ഇക്കാര്യം ബോധ്യമുണ്ടായിരുന്നതായും അംഗങ്ങള്‍ക്കൊപ്പം മണ്ഡലം പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കാള്‍ സഹകരിച്ചതായും വ്യക്തമായി. ഇതേതുര്‍ന്നാണ് മണ്ഡലംകമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനയത്. പുറത്താക്കിയ നാലുപേര്‍ക്ക് എതിരെയും വിപ്പ് ലംഘിച്ചതിന് തിരഞ്ഞെടുപ്പു കമ്മിഷന് പരാതിനല്‍കുമെന്നും ഡിസിസി നേതൃത്വം അറിയിച്ചു.