തിരുവല്ല മല്ലപ്പള്ളിയിലെ തടയണ ബലപ്പെടുത്തല്‍ തുടങ്ങി. നാല്പത്തിയഞ്ച് ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി. മല്ലപ്പള്ളി വലിയ പാലത്തോടുചേര്‍ന്ന് മണിമലയാറ്റിലുള്ള തടയണയാണ് ബലപ്പെടുത്തുന്നത്. 2006ല്‍ കരിങ്കല്ല് ഉപയോഗിച്ച് നിര്‍മിച്ച തടയണ കാലപ്പഴക്കവും വെള്ളപ്പൊക്കവുംകൊണ്ട് പലയിടത്തും തകര്‍ന്നു.
ഇതോടെ വെള്ളം സംഭരിച്ച് നിര്‍ത്താനാകാത്ത സ്ഥിതിയായി. തുടര്‍ന്നാണ് ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ കരിങ്കല്ല് ഉപയോഗിച്ചുള്ള ബലപ്പെടുത്തല്‍ ആരംഭിച്ചത്. നിലവിലുള്ള തടയണയേക്കാളും അല്പംകൂടി ഉയരംകൂട്ടി കൂടുതല്‍ വെള്ളം സംഭരിക്കാവുന്ന രീതിയിലാണ് നിര്‍മാണം.
തടയണയില്‍ ചോര്‍ച്ച ശക്തമായതോടെ മല്ലപ്പള്ളി ശുദ്ധജല പദ്ധതിയുടെ കിണറിന് സമീപത്തെ ജലനിരപ്പും താഴ്ന്നു. നിലവില്‍ കിണറിന് സമീപം ചാക്കുകൊണ്ട് താല്‍ക്കാലിക തടയണ നിര്‍മിച്ചാണ് പമ്പിങ് നടത്തുന്നത്.