കക്കാട് ജലവൈദ്യുത പദ്ധതിയിലെ രണ്ടാം നമ്പർ ജനറേറ്ററിന്റെ വാർഷിക അറ്റകുറ്റപ്പണികൾ ആരംഭിച്ചു. അടുത്തമാസം മൂന്നിന് മുൻപായി പണികൾ പൂർത്തീകരിച്ച് വൈദ്യുതോൽപാദനം പുനരാരംഭിക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം ജീവനക്കാർക്കായി പ്രത്യേക പരിശീലന പരിപാടിയും തുടങ്ങി.
50 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയിൽ 25 മെഗാവാട്ടിന്റെ രണ്ട് ജനറേറ്റുകളാണുള്ളത്. രണ്ടാം നമ്പർ ജനറേറ്ററിന്റെ പ്രഷർ റിലീസ് വാൽവ് ഗൈഡ് വെയിൻസിന്റെ കപ്പ് വീൽ എന്നിവ മാറ്റി സ്ഥാപിക്കുന്ന ജോലികളാണ് പൂർത്തിയാക്കേണ്ടത്. കഴിഞ്ഞവർഷം വാർഷിക അറ്റകുറ്റപ്പണികളുടെ ഭാഗമായി ഗൈഡ് വെയിൻസിന്റെ അഞ്ച് ചക്രങ്ങൾ മാറ്റിയിരുന്നു. ഇത്തവണ 15 സെറ്റ് ചക്രങ്ങളാണ് മാറ്റുന്നത്. പവർ ഹൗസിലെ ജീവനക്കാർക്കു പുറമെ മദ്രാസ് അബിരാമി കമ്പനിയുടെ വിദഗ്ധരും ചേർന്നാണ് പണികൾ പൂർത്തീകരിക്കുക.
ഇതോടൊപ്പം ഉദ്യോഗസ്ഥർക്കായുള്ള പ്രത്യേക പരിശീലനപദ്ധതിയ്ക്കും തുടക്കമായി. യന്ത്രോപകരണങ്ങളുടെ പ്രവർത്തനം പരിചയപ്പെടുത്തുന്നതിനൊപ്പം സുരക്ഷയും കണക്കിലെടുത്താണിത്. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡിപ്പാർട്ട്മെന്റും കൊച്ചിൻ ഷിപ്പ്്്യാർഡും സംയുക്തമായാണ് പരിശീലന കളരി സംഘടിപ്പിച്ചിട്ടുള്ളത്. പ്രത്യേകം തയാറാക്കിയ വാഹനത്തിൽ ക്ലാസ് മുറികൾ ക്രമീകരിച്ചാണ് പരിശീലനം.