കോടികള്‍ മുടക്കി നിര്‍മിച്ച ശബരിമലയിലെ ക്യൂ കോംപ്ലക്സുകള്‍ ഉപയോഗശൂന്യം. മകരവിളക്കിനോടനുബന്ധിച്ചുള്ള തിരക്ക് വര്‍ധിച്ചിട്ടും ക്യൂ കോംപ്ലക്സുകള്‍ പ്രയോജനപെടുത്താന്‍ ദേവസ്വംബോര്‍ഡോ പൊലീസോ തയാറാകുന്നില്ല.കോംപ്ലക്സുകളില്‍ തീര്‍ഥാടകര്‍ക്ക് സൗജന്യമായി ലഭ്യമാകേണ്ട സൗക്യരങ്ങള്ക്ക് പോലും സ്വകാര്യ വ്യക്തികള്‍ പണമീടാക്കുന്നു.
അയ്യപ്പന്മാര് മണിക്കൂറുകളോളം വരി നില്‍ക്കുന്നത് ഒഴിവാക്കാനായി മരക്കൂട്ടത്തിനും ശരുകുത്തിക്കുമിടയില് നിര്‍മിച്ച ക്യൂ കോംപ്ലക്സുകളുടെ അവസ്ഥയാണിത്. ശബരിമല മാസ്റ്റര്‍പ്ലാനില്‍ ഉള്‍പെടുത്തി ഒമ്പത് കോടി രൂപ ചിലവില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്ത ആറ് ക്യൂ കോംപ്ലക്സുകളും ഇപ്പോള്‍ ഉപയോഗിക്കുന്നില്ല.
ക്യൂ കോംപ്ലക്സുകളുടെ മുന്‍ ഭാഗം സ്വകാര്യ വ്യക്തികള്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. അയ്യപ്പന്മാര്ക്ക് കുടിവെള്ളം വിതരണം ചെയ്യേണ്ട മുറി പോലും ദേവസ്വം ബോര്‍ഡ് പണം വാങ്ങി കച്ചവടക്കാര്‍ക്ക് വിട്ടു നല്കിയിരിക്കുന്നു. എന്തിന് ഏറെ പറയണം ക്യൂകോംപ്ലക്സിലെ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതിന് പോലും അയ്യപ്പന്മാരില് നിന്ന് ആരൊക്കയോ പണമീടാക്കുന്നു.