സംസ്ഥാന വോളിബോൾ അസോസിയേഷനിൽ പ്രാതിനിധ്യമില്ലാതെ തിരുവനന്തപുരം ജില്ലാവോളിബോൾ അസോസിയേഷൻ. ജില്ലാ അസോസിയേഷൻ സ്വന്തം നിലക്ക് പ്രവർത്തിക്കുമ്പോൾ ടീം തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന ഭാരവാഹികൾ നേരിട്ടാണ്.
സംസ്ഥാന അസോസിയേഷൻ ഭാരവാഹികളുടെ അഴിമതിക്കെതിരെ നിലപാടെടുത്തതോടെയാണ് ജില്ലാ അസോസിയേഷൻ പുറത്തായത്. തുടർന്ന് താൽക്കാലീക സമിതിയെ നിയോഗിച്ച് സംസ്ഥാന അസോസിയേഷൻ പ്രവർത്തനം നടത്തി. എന്നാൽ കോടതിവിധിയിലൂടെ ജില്ലാ അസോസിയേഷൻ പ്രവർത്തന അനുമതി നേടി. പക്ഷേ സംസ്ഥാന സീനിയർ, ജൂനിയർ, യൂത്ത് ടൂർണമെന്റുകൾക്കുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുത്തത് സംസ്ഥാന ഭാരവാഹികൾ നേരിട്ടെത്തി. വോളിബോൾ അസോസിയേഷനിൽ പ്രശ്നങ്ങളുണ്ടെന്നാണ് സ്പോട്സ് കൗൺസിലും പറയുന്നത്.
സംസ്ഥാന ഭാരവാഹികൾക്കെതിരെ വിജിലൻസിൽ ഉൾപ്പെടെ പലരും പരാതി നൽകിയിട്ടുണ്ട്. ഇതിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂർത്തിയായ ശേഷം നടപടിയെക്കുറിച്ചാലോചിക്കുമെന്നാണ് സ്പോട്സ് കൗൺസിൽ നിലപാട്.