കോന്നി ∙ രാജവെമ്പാലയെ പിടികൂടിയ പെരുമ്പാമ്പ് അവശനിലയിൽ. ഒരു മണിക്കൂറിനു ശേഷം രാജവെമ്പാല രക്ഷപ്പെട്ടുപോയി. ഇന്നലെ വൈകിട്ട് അഞ്ചോടെ കുമ്മണ്ണൂരിലാണ് സംഭവം. തോടിനു സമീപം പ്രദേശവാസികളാണ് സംഭവം ആദ്യം കാണുന്നത്. ഒന്നു രാജവെമ്പാലയാണെന്നു തിരിച്ചറിഞ്ഞതോടെ ആളുകൾ ഒരൽപം അകലം സൂക്ഷിച്ചു. രാജവെമ്പാലയെ അനങ്ങാൻ പറ്റാത്ത വിധം തലയിലൂടെ ചുറ്റിവരിഞ്ഞ നിലയിലായിരുന്നു പെരുമ്പാമ്പ്. രാജവെമ്പാലയെ വിഴുങ്ങാനായാണു പെരുമ്പാമ്പ് ശ്രമിച്ചത്. എന്നാൽ, രാജവെമ്പാലയെ അത്രപെട്ടെന്നു കീഴ്പ്പെടുത്താൻ പെരുമ്പാമ്പിനു കഴിഞ്ഞതുമില്ല.
മുൻപ് കേട്ടുകേഴ്വി മാത്രമായിരുന്ന രാജവെമ്പാല ആളുകൾക്ക് ഇന്നൊരു പ്രത്യേകതയല്ലെങ്കിലും സംഭവത്തിന്റെ വിചിത്ര സ്വഭാവം അറിഞ്ഞ് സ്ഥലത്ത് പ്രദേശവാസികൾ തടിച്ചുകൂടി. വനപാലകരും സ്ഥലത്തെത്തി. ഒരു മണിക്കൂറാണ് ഇവയുടെ പരാക്രമം തുടർന്നത്. ഒടുവിൽ പെരുമ്പാമ്പ് അവശനിലയിലായതോടെ ഇതിനെ ഉപേക്ഷിച്ചു. രാജവെമ്പാല തൊട്ടടുത്ത പൊത്തിലേക്കു കയറിപ്പോവുകയും ചെയ്തു. സംഭവമറിഞ്ഞു വാവ സുരേഷും സ്ഥലത്തെത്തി. പൊത്തിൽ കയറിയ രാജവെമ്പാലയെ രാത്രി ഏഴോടെ പിടികൂടി ചാക്കിൽകയറ്റി വനത്തിൽ വിട്ടയയ്ക്കാനായി കൊണ്ടുപോയി.