പൊലീസുകാരനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

tvm-police-attack
SHARE

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പൊലീസുകാരനെ ആക്രമിച്ച സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍. കൊലപാതക കേസുകളിലടക്കം പ്രതികളായിട്ടുള്ള ഗുണ്ടാസംഘങ്ങളാണ് പിടിയിലായത്. വിവിധ കേസുകളില്‍ അറസ്റ്റ് ചെയ്തതിലെ വൈരാഗ്യം മൂലം കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു.

നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രതീഷിനെയാണ് ഗുണ്ടാസംഘങ്ങള്‍ ക്രൂരമായി ആക്രമിച്ചത്. രണ്ടും കയ്യും വാരിയെല്ലും ഒടിഞ്ഞ്  ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി പത്തരയോടെ നെയ്യാറ്റിന്‍കരയ്ക്ക് സമീപം താന്നിമൂട്ടില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ നില്‍ക്കുമ്പോളായിരുന്നു ആക്രമണം. ഒട്ടേറെ കേസുകളില്‍ പ്രതികളായിട്ടുള്ള ഗുണ്ടാസംഘാംഗങ്ങളായ ആറ് പേരാണ് ആക്രമിച്ചത്. ഇതില്‍ ഉള്‍പ്പെട്ട നെയ്യാറ്റിന്‍കര വെണ്‍പകല്‍ സ്വദേശി ദീപകും ആറാലംമൂട് സ്വദേശി വിഷ്ണുവുമാണ് അറസ്റ്റിലായത്.

കമുകിന്‍കോട് പള്ളിയില്‍ പെരുന്നാള്‍ നടന്ന രാത്രിയിലാണ് ആക്രമണമുണ്ടായത്. പെരുന്നാളിന്റെ മറവില്‍ മറ്റൊരു ഗുണ്ടാസംഘത്തെ മര്‍ദിക്കാന്‍ ഇപ്പോള്‍ പിടിയിലായവരുടെ സംഘം പദ്ധതിയിട്ടിരുന്നു. എന്നാല്‍ പൊലീസിന്റെ ശക്തമായ കാവലില്‍ പദ്ധതി പൊളിഞ്ഞു. ഇതിന് ശേഷം മടങ്ങിപ്പോകുന്നതിനിടെയിലാണ് വഴിയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന രതീഷിനെ കണ്ടത്. മുന്‍പ് പല കേസുകളിലടക്കം അറസ്റ്റ് ചെയ്തതിന്റെ വൈരാഗ്യം കൂടി കണക്കിലെടുത്ത് ഇരുമ്പ് കമ്പികള്‍കൊണ്ട് ആക്രമിക്കുകയായിരുന്നു. കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് അറിയിച്ചു. ഗുണ്ടാസംഘത്തിലെ നാല് പേര്‍ കൂടി ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു

MORE IN SOUTH
SHOW MORE