മകരവിളക്കിനായി പുല്ലുമേടും ഒരുങ്ങി

pullumedu
SHARE

മകരവിളക്കിന് മുന്നോടിയായി ഇടുക്കി ജില്ലയിലെ പുല്ലുമേട്ടിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുല്ലുമേടിന് പുറമെ പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും അയ്യപ്പഭക്തര്‍ക്ക് മകരജ്യോതി ദര്‍ശിക്കാം.കര്‍ശന സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 

ശബരിമല സന്നിധാനം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ മകരജ്യോതി ദര്‍ശിക്കുന്നത് പുല്ലുമേട്ടില്‍ നിന്നാണ്. 2011ലെ പുല്ലുമേട് ദുരന്തത്തിന് ശേഷം പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കി. മുന്‍ വര്‍ഷങ്ങളെ പോലെ ഭക്തരുമായി എത്തുന്ന വാഹനങ്ങള്‍ക്ക് ഇക്കുറിയും പുല്ലുമേട്ടിലേക്ക് പ്രവേശനമില്ല. ചെറുകടകള്‍ക്കും നിരോധനമുണ്ട്. അയ്യപ്പഭക്തർ തമ്പടിക്കുന്ന മൊട്ടക്കുന്നുകളില്‍ ബാരിക്കേഡുകള്‍ നിര്‍മിച്ച് സുരക്ഷ ഉറപ്പാക്കി. പുല്ലുമേട്ടിലും കാനന പാതയിലും വെളിച്ചമേകാന്‍ അന്‍പതിലധികം അസ്കാ വിളക്കുകള്‍ പൊലീസ് ഒരുക്കും. 5 സെക്ടറുകളിലായി 1436 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ആംബലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി വൈദ്യസംഘം പുല്ലുമേട്ടില്‍ കാംപ്ചെയ്യും. വന്യമൃഗങ്ങളുടെ ആക്രമണം ഉള്‍പ്പെടെ പ്രതിരോധിക്കാന്‍ വനംവകുപ്പിന്‍റെ സ്പെഷ്യല്‍ സ്ക്വാഡും രംഗത്തുണ്ട്. 

തീർത്ഥാടകരുടെ മടക്കയാത്രയ്ക്ക് കോഴിക്കാനത്ത് നിന്ന് കുമളിയിലേയ്ക്ക് കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തും. വിവിധ ഡിപ്പോകളിൽ നിന്നുള്ള 60 ബസുകളാണ് എത്തിച്ചിട്ടുള്ളത്. യാത്രാ സുരക്ഷ ഉറപ്പാക്കി മോട്ടോർ വാഹന വകുപ്പും, കുടിവെള്ള സൗകര്യം ഉറപ്പാക്കി വാട്ടർ അതോറിറ്റിയും രംഗത്തുണ്ട്. പുല്ലുമേടിന് പുറമെ പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും മകരജ്യോതി ദർശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലാ കലക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഒരുക്കങ്ങള്‍. 

MORE IN SOUTH
SHOW MORE