തിരുവല്ല ബൈപാസ് നിര്‍മാണത്തിന് പുതിയ പ്ലാൻ

Thumb Image
SHARE

റോഡിനുപകരം മേൽപ്പാലം പണിത് തിരുവല്ല ബൈപ്പാസ് പൂർത്തീകരിക്കാൻ തീരുമാനം. മുപ്പത്തിയേഴരക്കോടിയുടെ പദ്ധതി ലോകബാങ്കിന്റെ അനുമതിയോടെ വീണ്ടും ടെണ്ടർ ചെയ്യും. ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റിയറിങ് കമ്മിറ്റി തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. 

സാങ്കേതിക പിഴവുമൂലം നിർദിഷ്ട തിരുവല്ല ബൈപ്പാസിന്റെ രാമൻചിറ ഭാഗത്തെ നിർമാണം അസാധ്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതുക്കിയ പ്ലാനിന് അനുമതി നൽകിയത്. തിരുവല്ല - മല്ലപ്പള്ളി റോഡിലേക്ക് ബന്ധിപ്പിക്കുന്നതിന് പന്ത്രണ്ട് മീറ്റർ ഉയരത്തിൽ മണ്ണിട്ട് ഉയർത്താനിയിരുന്നു ആദ്യ പ്ലാനിൽ നിർദേശിച്ചിരുന്നത്. ഇത് അപ്രായോഗികമാണെന്നു വന്നതോടെ കരാറുകാരൻ ജോലികൾ അവസാനിപ്പിച്ച് നോട്ടീസ് നൽകിയിരുന്നു. മണ്ണിട്ട് ഉയർത്താൻ നിർദേശിച്ചിരുന്ന ഭാഗത്ത് 220 മീറ്റർ മേൽപ്പാലം നിർമിക്കാനാണ് തീരുമാനം. കരാർ അവസാനിപ്പിച്ച് നോട്ടീസ് നൽകിയ കരാറുകാരന് പുതുക്കിയ പ്രവൃത്തി ടെണ്ടർ കൂടാതെ നൽകുന്നത് ക്രമവിരുദ്ധമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് റീ ടെണ്ടർ ചെയ്യാൻ തീരുമാനിച്ചത്. 

ഇതുവരെ ചെയ്ത പണികൾ നഷ്ടപ്പെടുത്തില്ലെന്നും അധിക ബാധ്യത ഉണ്ടായാലും ബൈപ്പാസ് പൂർത്തീകരിക്കുമെന്നും മന്ത്രി ജി.സുധാകരൻ പ്രഖ്യാപിച്ചിരുന്നു. ആദ്യത്തെ പ്ലാനിലുണ്ടായ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം നിർദിഷ്ട ബൈപ്പാസ് നിർമാണത്തിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ടി.പി രണ്ടാംഘട്ടത്തിൽനിന്ന് ഒഴിവാക്കപ്പെട്ടുപോയ തിരുവല്ല ടൗൺഭാഗം അഞ്ചുകോടി രൂപ ചെലവിൽ പുനരുദ്ധരിക്കാനും തീരുമാനമായതായി മന്ത്രി മാത്യു ടി.തോമസ് അറിയിച്ചു.

MORE IN SOUTH
SHOW MORE