തിരുവല്ല താലൂക്ക് ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്നുവീണ ഭാഗത്ത് താല്‍ക്കാലിക മറയൊരുക്കും

Thumb Image
SHARE

തിരുവല്ല താലൂക്ക് ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്നുവീണ ഭാഗത്ത് താല്‍ക്കാലിക മറയൊരുക്കും. എസ്റ്റിമേറ്റ് തയാറാക്കാന‍്‍ പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. തകര്‍ന്ന മതിലിനോടുചേര്‍ന്നുള്ള കെട്ടിടത്തില്‍ പരസ്യമായി പോസ്റ്റ്മോര്‍ട്ടം നടത്തുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. 

തിരുവല്ല താലൂക്ക് ആശുപത്രിയുടെ പിന്‍ഭാഗത്തുള്ള ചുറ്റുമതില്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൊതുനിരത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്കും കാണാമെന്ന സ്ഥിതിയായിരുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പിനെയും ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയെയും വിവരം അറിയിച്ചിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. ചുറ്റുമതില്‍ പുനര്‍നിര്‍മിക്കുന്നതിനായി എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല. നിലവില്‍ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് ചുറ്റുമതില്‍ തകര്‍ന്ന ഭാഗത്ത് താല്‍ക്കാലികമായി മറയുണ്ടാക്കാനാണ് തീരുമാനം. ഇതിനായി എസ്റ്റ്മേറ്റ് തയാറാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം മുറിയില്‍ വെളിച്ചവും, വായുസഞ്ചാരവും കുറവായതുകൊണ്ടാണ് വാതിലും ജനലുകളും തുറന്നിട്ടിരുന്നത്. വാതില്‍ അടച്ചിട്ട് പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി മുറിയില്‍ കൂടുതല്‍ ബള്‍ബുകളും എ.സിയും സ്ഥാപിക്കാനുള്ള ജോലികള്‍ അടിയന്തരമായി ആരംഭിച്ചു. 

MORE IN SOUTH
SHOW MORE