വിഴിഞ്ഞം തുറമുഖ സമരം; മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്ന് സമരസമിതി

Thumb Image
SHARE

വിഴിഞ്ഞം തുറമുഖത്ത് സമരം ചെയ്യുന്ന മൽസ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാൻ നടപടിയെടുത്തിട്ടുണ്ടെന്ന്് തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്ന് സമരസമിതി പ്രതികരിച്ചു. സമരം മൂലം തുടർച്ചയായ ഒമ്പതാംദിവസവും തുറമുഖ നിർമാണം തടസപ്പെട്ടിരിക്കുകയാണ്. 

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് സമരം ചെയ്യുന്ന മൽസ്യത്തൊഴിലാളികളുടെ ആവശ്യങ്ങളോട് സർക്കാരിന് നിഷേധാത്മകനിലപാടില്ലെന്ന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പാക്കേജ് മനപൂർവം വൈകിപ്പിക്കുന്നതല്ല. തുറമുഖ പദ്ധതി സമയത്ത് പൂർത്തീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറ‍ഞ്ഞു. 

എന്നാൽ സമരക്കാരോട് ചർച്ച നടത്താൻ സർക്കാർ തയ്യാറാണോയെന്ന് മന്ത്രി വ്യക്തമാക്കിയില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യങ്ങൾ അംഗീകരിച്ച് ആറുമാസം കഴിഞ്ഞിട്ടും നിസാര സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പാക്കേജ് വൈകിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് സമരക്കാർ പ്രതികരിച്ചു. 

ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് സന്നദ്ധരാകാത്ത സാഹചര്യത്തിൽ സമരം അനിശ്ചിതമായി നീളുകയാണ്. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാരിന് നൽകിയ കത്തിലും തീരുമാനമായിട്ടില്ല. 

MORE IN SOUTH
SHOW MORE