തിരുവല്ലയ്ക്ക് സമീപം ഓട്ടാഫീസ്കടവ് പാലത്തിന്റെ നിര്‍മാണം കഴിഞ്ഞ് നാലുവര്ഷത്തിലേറെയായിട്ടും അപ്രോച്ച് റോഡ് പൂര്‍ത്തിയായില്ല. വിണ്ടുകീറി അപകടാവസ്ഥയിലായ സംരക്ഷണഭിത്തിക്ക് മുകളില്‍ ബാക്കിഭാഗംകൂടി നിര്‍മിക്കാനുള്ള ശ്രമത്തിലാണ് കരാറുകാരന്. മൂന്നേമുക്കാല്‍ കോടി രൂപ ചെലവില്‍ നിര്‍മിച്ച ഓട്ടാഫീസ് കടവ് പാലമാണിത്. 2010ലാണ് നിര്‍മാണം തുടങ്ങിയത്.
തിരുവല്ലക്ക് സമീപം നെടുമ്പ്രം പഞ്ചായത്തിലെ എട്ട്, ഒന്‍പത്, പത്ത് വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പണി കഴിഞ്ഞിട്ട് നാലുവര്‍ഷമായി. പൊടിയാടിയില്‍നിന്ന് തിരുവല്ല ടൗണിലെത്താതെ ചെങ്ങന്നൂര്‍ ഭാഗത്തേക്ക് പോകാന്‍ സാധിക്കുമെന്നതാണ് ഈ പാലത്തിന്റെ പ്രധാന നേട്ടം. പക്ഷേ പാലത്തിന്റെ നിര്‍മാണം കഴിഞ്ഞ് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് ഉണ്ടാക്കാതിരുന്നതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. തുടര്‍ന്ന് നിലവാരമില്ലാതെ സംരക്ഷണഭിത്തി കെട്ടി മണ്ണിട്ടുയര്‍ത്തി. നിലവില്‍ നാലുവശത്തെയും സംരക്ഷണ ഭിത്തി വിണ്ടുകീറി അപകടാവസ്ഥയിലാണ്. ഇതിന് മുകളിലാണ് ഇപ്പോള്‍ ബാക്കി പണി നടത്തുന്നത്.
പൊടിയാടിയില്‍നിന്ന് ഇവിടേക്കുള്ള ഒന്നരക്കിലോമീറ്റര്‍ റോഡും തകര്‍ന്നുകിടക്കുന്നതിനാല്‍ വാഹനഗതാഗതവും ബുദ്ധിമുട്ടാണ്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് കാലതാമസം ഉണ്ടാകുന്നതിന് കാരണമെന്നും ആരോപണമുണ്ട്.