പത്തനംതിട്ട ഇരവിപേരൂരില്‍ മണിമലയാറിലെ കുളിക്കടവ് ഇടിച്ചുനിരത്തി സ്വകാര്യവ്യക്തി വഴിവെട്ടിയതായി പരാതി. ഗുണ്ടാസംഘത്തിന്റെ സഹായത്തോടെയാണ് വഴിവെട്ടിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഇരവിപേരൂരിന് സമീപം ഇരുപതിലേറെ കുടുംബങ്ങള്‍ അലക്കാനും കുളിക്കാനുമെല്ലാം ഉപയോഗിച്ചിരുന്ന ഇടപ്രയാറ്റ് കടവാണ് സ്വകാര്യവ്യക്തി ഇടിച്ചു നിരത്തിയത്. സമീപവാസിയായ രവികുമാറാണ് മണ്ണുമാന്തിയുപയോഗിച്ച് കുളിക്കടവും, അയല്‍വാസിയുടെ പുരയിടത്തിന്റെ അതിരുമെല്ലാംകൂടി ചേര്‍ത്ത് ഇടിച്ചുനിരത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.
കല്‍ക്കെട്ടുകള്‍ ഉള്‍പ്പടെയാണ് ഇല്ലാതാക്കിയിരിക്കുന്നത്. മണിമലയാറില്‍ ജലനിരപ്പ് ഉയരുന്നതോടെ തീരം ഇടിയുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്. ഗുണ്ടാസംഘത്തിന്റെ പിന്തുണയോടെയായിരുന്നു ഇടിച്ചുനിരത്തല്‍. കുളിക്കടവ് ഇടിച്ചുനിരത്തിയ സംഭവത്തില്‍ പങ്കില്ലെന്ന നിലപാടിലാണ് ആരോപണവിധേയനായ രവികുമാര്‍.