ഭൂരഹിതര്‍ക്ക് വീടുവയ്ക്കാനായി ബ്ലോക്ക് പഞ്ചായത്ത് വാങ്ങി നല്കിയ സ്ഥലം റവന്യൂ പുറമ്പോക്കാണെന്ന് വില്ലേജ് ഉദ്യോഗസ്ഥര്‍. നികുതി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകാതിരുന്നതോടെ ഏഴ് പട്ടികജാതി കുടുംബങ്ങളുടെ വീടെന്ന സ്വപ്നം പ്രതിസന്ധിയിലായി.
സുധീഷീന്റെ കുടുംബം ഏറെ പ്രതീക്ഷയോടെ കെട്ടിപ്പൊക്കിയ ഈ തറ റവന്യൂ പുറമ്പോക്കിലാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പത്തനംതിട്ട പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സ്വകാര്യ വ്യക്തിയില്‍നിന്ന് വാങ്ങി നല്‍കിയതാണ് ഈ സ്ഥലം. രജിസ്ട്രേഷനുശേഷം നികുതിയടയ്ക്കുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സ്ഥല പരിശോധനയ്ക്കുശേഷം വസ്തു കോട്ടയം ജില്ലയിലാണെന്ന് അറിയിച്ചു.
പെരിങ്ങര പഞ്ചായത്തിലെ മാനാംങ്കേരിയിലാണ് ബ്ലോക്ക് പഞ്ചായത്ത് 2013 മുതല്‍ പലപ്പോഴായി സ്ഥലം വാങ്ങി നല്‍കിയത്. ആദ്യം സ്ഥലം കിട്ടിയവരുടെ നികുതി സ്വീകരിച്ചിരുന്നു. പുതിയ പ്രതിസന്ധി ഉയര്‍ന്നതോടെ ആരുടെയും നികുതി സ്വീകരിക്കില്ലെന്ന നിലപാടിലാണ് അധികൃതര്‍. ഇതോടെ സ്ഥലം വില്പന നടത്തിയ വ്യക്തി കോടതിയെ സമീപിച്ചു. അതേസമയം വില്ലേജ് തലത്തില്‍ തീരുമാനം എടുക്കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.