അത്തം പിറന്നതോടെ സെക്രട്ടേറിയറ്റിൽ ഭരണത്തിരക്കുകൾക്കിടയിലും ഒാണാഘോഷത്തിന് തുടക്കം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പൂക്കള മത്സരത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ജോലി സമയത്തെ ബാധിക്കാത്തവിധം കലാ കായിക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
ഇത്തവണയും പതിവ് തെറ്റിച്ചില്ല സെക്രട്ടേറിയറ്റിലെ ജീവനക്കാർ. തിരക്കുകൾക്കിടയിലും ഇടവേള കണ്ടെത്തി ഒാണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ തകൃതി. സെക്രട്ടേറിയറ്റ് അസോസിയേഷന്റെയും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെയും സാംസ്കാരിക വിഭാഗങ്ങളാണ് പൂക്കള മത്സരത്തോടെ ആഘോഷങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. വിവിധ വകുപ്പുകളുടെ പ്രധാന കവാടങ്ങളിലാണ് പൂക്കളങ്ങൾ ഒരുക്കിയത്.
ആശംസകൾ നേർന്ന് മന്ത്രിമാരും ആഘോഷങ്ങളുടെ ഭാഗമായി. കലാ കായിക മത്സരങ്ങളും ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശം ഉള്ളതിനാൽ ജോലി സമയത്തെ ഇടവേളകളിലാകും വിവിധ മത്സരങ്ങൾ നടക്കുക.