തിരുവനന്തപുരം മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായ മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കരയിലെത്തിക്കാനുള്ള ശ്രമം തുടരുന്നു . പുലിമുട്ടിനുള്ളിൽ കുടുങ്ങിയതാണ് മൃതദേഹം കരയിലെത്തിക്കുന്നതിനുള്ള തടസം . പുതുക്കുറിച്ചി സ്വദേശി വിക്ടറിന്റെ മൃതദേഹമാണ് പെരുമാതുറ പുലിമുട്ടിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച മുതലപ്പൊഴിയിൽ മണൽത്തിട്ടയിലിടിച്ചാണ് ബോട്ട് തകർന്ന് വിക്ടറിനെ കാണാതായത്. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന ഒരു മൽസ്യത്തൊഴിലാളി നീന്തി രക്ഷപെട്ടിരുന്നു. തുടർന്ന് വിക്ടറിനായുള്ള തിരിച്ചിലിനൊടുവിലാണ് പുലിമുട്ടുകൾക്കുള്ളിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വലിയ പുലിമുട്ടുകൾ ക്രയിനുപയോഗിച്ച് മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എന്നാൽ പുലിമുട്ടിന്റെ അശാസ്ത്രീയ വിന്യാസമാണ് അപകടത്തിനു കാരണമാക്കിയതെന്ന് മൽസ്യതൊഴിലാളികൾ ആരോപിക്കുന്നു
കടയ്ക്കാവൂർ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീന്റേയും ഫയർഫോഴ്സിന്റേയും നേതൃത്വത്തിലാണ് മൃതദേഹം കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നത്.