തിരുവനന്തപുരം മുതലപ്പൊഴി ഫിഷിങ് ഹാർബറിൽനിന്നും തിരയിൽപ്പെട്ട ആള്‍ക്കായി തിരച്ചിൽ തുടരുന്നു. മല്‍സ്യബന്ധനത്തിനുപോയ പുതുക്കുറിച്ചി കണ്ണേറ്റുവിളാകം വീട്ടിൽ വിക്ടറിനെയാണ് കാണാതായത്. ബോട്ട് അപകടത്തിൽപെടുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.
ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ശാന്തിപുരം സ്വദേശി ജോഷ്വക്കൊപ്പം മത്സ്യബന്ധത്തിനുപോകുമ്പോഴായിരുന്നു വിക്ടർ അപകടത്തിൽപെട്ടത്. ശക്തമായ തിരമാല ബോട്ടിനെ ചുഴറ്റി എറിയുകയായിരുന്നു.
പുലിമുട്ടിനു സമീപം തെറിച്ചുവീണ വിക്ടറെ കാണാതായി. സഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ നോക്കിനിൽക്കെ ആയിരുന്നു അപകടം. രക്ഷപ്പെട്ട ജോഷ്വാ ഏറെ ബുദ്ധിമുട്ടി ബോട്ടുമായി കരയ്ക്കെത്തി. വിഴിഞ്ഞത്തുനിന്നും എത്തിയ തീരദേശ പൊലീസും തീരദേശസേനയും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.