ഇതരസംസ്ഥാനങ്ങളിലെ മന്ത്രിമാരെ സ്വീകരിക്കാന്‍ സ്വന്തംചെലവില്‍ റോഡുപണി നടത്തി ഗതാഗതമന്ത്രി തോമസ് ചാണ്ടി. ആലപ്പുഴയില്‍ ഇന്ന് നടക്കുന്ന യോഗത്തിന് മുന്നോടിയായാണ് പൊളിഞ്ഞ റോഡുകള്‍ സ്വന്തം ചെലവില്‍ നന്നാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. എന്നാല്‍ അനുമതിയില്ലാതെയാണ് മുനിസിപ്പാലിറ്റി റോഡില്‍ അറ്റകുറ്റപ്പണി നടത്തിയതെന്ന് മുനിസിപ്പല്‍ ചെയര്മാന് കുറ്റപ്പെടുത്തി
അങ്ങിനെ റോഡിലെ കുഴിയടക്കാനും അതുവഴി നാണക്കേട് മാറ്റാനും ബന്ധപ്പെട്ട വകുപ്പുകളുടെ കനിവിനൊന്നും കാത്തുനിന്നില്ല ഗതാഗതമന്ത്രി. കയ്യില്‍ കാശുണ്ട്, പണിയെടുക്കാന്‍ ആളുമുണ്ട്. ഒറ്റനിര്ദേശം. ഒരു രാത്രികൊണ്ട് ആലപ്പുഴ ചുങ്കം മുതല്‍ ലേക് പാലസ് റിസോര്‍ട്ട് വരെ കുഴിയടച്ചു
എന്നാല്‍ മുനിസിപ്പാലിറ്റിയുടെ അധികാര പരിധിയിലുള്ള റോഡില്‍ അനുമതിയില്ലാതെയാണ് മന്ത്രിയുടെ അനുയായികള്‍ കുഴിയടച്ചത്. ഒരു അറിയിപ്പും തങ്ങള്‍ക്ക് കിട്ടിയില്ലെന്നും ശരിയായ നടപടിയല്ലെന്നും മുനിസിപ്പല്‍ ചെയര്മാന് തോമസ് ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു. റോഡ് നന്നാക്കാനിറങ്ങി മന്ത്രി പുലിവാലുപിടിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.