കൃഷിമന്ത്രിയുടെ വീട്ടിൽ ഇത് മുന്തിരിവള്ളികൾ തളിർക്കുംകാലം. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ ആദ്യമായി വിളഞ്ഞ മുന്തിരിയുടെ വിളവെടുക്കുന്ന തിരക്കിലാണ് കൃഷിമന്ത്രി വി.എസ്.സുനിൽകുമാറും കുടുംബവും.
അതിരാവിലെ തന്നെ മന്ത്രിയും കുടുംബവും മുന്തിരിത്തോട്ടത്തിലെത്തി. ഔദ്യോഗിക വസതിയുടെ പിന്നാമ്പുറത്തെ കൊച്ചുതോട്ടത്തിൽ ആദ്യമായി വിളഞ്ഞ മുന്തിരികൾ അടർത്തി. തിരുവനന്തപുരം നഗരത്തിലും മുന്തിരി വിളയുമെന്ന് തെളിയിക്കാനായതിന്റെ സന്തോഷത്തിലാണ് കൃഷിമന്ത്രി.
നെൽകർഷകരുടെ നാടായ അന്തിക്കാട് നിന്ന് അത്ര പരിചയമില്ലാത്ത മുന്തിരിക്കൃഷിയുടെ വിജയം കാണാനാണ് ഭാര്യ രേഖയും മകൻ നിരജ്ഞൻ കൃഷ്ണയുമെത്തിയത്. ഏഴ് മാസം മുൻപാണ് മന്ത്രിമന്ദിരത്തിൽ മുന്തിരികൃഷി തുടങ്ങിയത്. ഓണക്കാലമാകുമ്പോളേക്കും മുന്തിരിവള്ളികൾ പൂർണമായും തളിർക്കും. സ്വന്തം വീട്ടിലെ പരീക്ഷണം വിജയമായതോടെ കേരളത്തിൽ മുന്തിരികർഷകർക്ക് പ്രത്യേക സഹായം നൽകാനൊരുങ്ങുകയാണ് മന്ത്രി.