പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തില്‍ പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതി നിലച്ചു. ശബരിമലയ്ക്കുള്ള എളുപ്പമാര്‍ഗമാണ് കരാറുകാരന്റെ അലംഭാവംമൂലം , ചെളിക്കുളമായി കിടക്കുന്നത്. ആയിരത്തോളം കുടുംബങ്ങള്‍ ഇതോടെ ഒറ്റപ്പെട്ട നിലയിലാണ്.
കോട്ടാങ്ങല്‍ പഞ്ചായത്തിലെ മാരംകുളം മുതല്‍ നിര്‍മലപുരം വരെയുള്ള രണ്ടര കിലോമീറ്റര്‍ ദൂരം വീതികൂട്ടി ഉന്നതനിലവാരത്തില്‍ പണിയുന്നതിനാണ് പദ്ധതിയിട്ടത്. ഇതിനായി ഒരു കോടി നാല്പത്തിയെട്ട് ലക്ഷം രൂപയും അനുവദിച്ചു. കരാറെടുത്ത ഡോറ കമ്പനി എസ്റ്റിമേറ്റ് തയാറാക്കി. തുടര്‍ന്ന് കൃത്യമായ നടപടി ക്രമങ്ങള്‍ പാലിക്കാതെ മണ്ണ് നീക്കിയതോടെ പ്രദേശത്തേക്ക് ഉണ്ടായിരുന്ന കുടിവെള്ള പൈപ്പ് തകര്‍ന്നു. വീണ്ടും ലക്ഷങ്ങള്‍ മുടക്കിയാണ് പൈപ്പ് പുനസ്ഥാപിച്ചത്. ഇതിനിടെ വീണ്ടും എസ്റ്റിമേറ്റ് മാറ്റിയ കമ്പനി റോഡില്‍നിന്ന് വന്‍തോതില്‍ മണ്ണെടുത്ത് മാറ്റുകയും ചെയ്തു. മഴ തുടങ്ങിയതോടെ റോഡ് ചെളിക്കുളമായി.
നിര്മലപുരംവരെയുള്ള റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക്, വനത്തിനുള്ളിലൂടെയുള്ള റോഡും നിര്‍മിക്കുന്നതിന് വനംവകുപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. കോട്ടയം, കറുകച്ചാല്‍ , കുളത്തൂര്‍മൂഴി മാരംകുളം വഴി റാന്നിക്കുള്ള എളുപ്പമാര്‍ഗമാണിത്. ശബരിമല യാത്രയില്‍ പതിനഞ്ച് കിലോമീറ്ററിന്റെ ലാഭമാണ് ഈ റോഡിന്റെ പ്രധാനനേട്ടം.