അപകടാവസ്ഥയിലായ പാലം സുരക്ഷിതമാക്കമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. പത്തനംതിട്ട-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന എരതോട് പാലം അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പത്തനംതിട്ട നിരണം പഞ്ചായത്തിനെയും ആലപ്പുഴ വീയ്യപുരം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന എരതോട് പാലമാണിത്. നാല്പത് വര്ഷംമുന്പാണ് അഞ്ചുമീറ്റര്‍ വീതിയില്‍ ഈ പാലം നിര്‍മിച്ചത്. കാലം മാറിയതോടെ റോഡ് വികസിച്ചു, ഗതാഗതവും വര്‍ധിച്ചു. പക്ഷേ പാലംമാത്രം വികസിച്ചില്ല. കടപ്ര-ഹരിപ്പാട് ലിങ്ക് ഹൈവേ വന്നതോടെ വമ്പന്‍ ഭാരവാഹനങ്ങള്‍ ഉള്‍പ്പടെ ഇതുവഴി പോകാന്‍ തുടങ്ങി. സ്വാഭാവികമായും പാലത്തിന്റെ ബലക്ഷയത്തിന് ഇത് കാരണമായി. ഇപ്പോള്‍ പാലത്തിന്റെ തൂണുകള്‍ പൊട്ടിയ നിലയിലാണ്. കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണതോടെ ഉള്ളിലെ ഇരുമ്പുകമ്പികളടക്കം തെളിഞ്ഞു നില്‍ക്കുകയാണ്.
പാലത്തിന്റെ അറ്റകുറ്റപ്പണി ഉടന്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അറ്റകുറ്റപ്പണി സാധ്യമല്ലെങ്കില്‍ പുതിയ പാലം നിര്‍മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.