എം.സി റോഡിലെ ഏനാത്ത് പാലത്തിന്റെ ബലക്ഷയത്തിലായ തൂണുകൾ മുറിച്ചുമാറ്റുന്ന ജോലികൾ തുടങ്ങി. രണ്ടാഴ്ച കൊണ്ട് തൂണുകൾ പൊളിച്ചുനീക്കും. നിലവിലെ സാഹചര്യത്തിൽ ഓഗസ്റ്റ് ആദ്യവാരം തന്നെ ഏനാത്ത് പാലം ഗതാഗത്തിനായി തുറന്നുനൽകാൻ കഴിയുമെന്നാണ് കെഎസ്ടിപി വിലയിരുത്തൽ.
ബലക്ഷയത്തിലായ തൂണിന്റെ മുകൾഭാഗത്ത് സുഷിരങ്ങളുണ്ടാക്കി അതിനുള്ളിൽ പ്രത്യേകതരം വാളുപയോഗിച്ചാണ് തൂൺ മുറിക്കുന്നത്. പണി നടക്കുന്നതിനിടെ ചെരിഞ്ഞ കുളക്കട ഭാഗത്തെ ആദ്യത്തെ തൂണാണ് മുറിച്ചുമാറ്റുന്നത്. ചെരിഞ്ഞ തൂണിന്റെ അടിത്തറ കിണർ ശക്തിപ്പെടുത്തുന്ന പണിയും പൂർത്തിയായി. കിണറിനുള്ളിൽ കോൺക്രീറ്റ് നിറച്ച് ബലപ്പെടുത്തി. നേരത്തെ പാലത്തിന്റെ സ്പാനുകൾ ഉയർത്തി താൽക്കാലിക ഇരുമ്പുതൂണുകളിൽ മാറ്റിസ്ഥാപിച്ചിരുന്നു.
മഴക്കാലത്തിന് മുന്നോടിയായി ബെയ്്ലി പാലത്തിന്റെ തൂണിനുചുറ്റും പാറയടുക്കി സംരക്ഷണഭിത്തി നിർമിക്കുന്നത് ഉടൻ തുടങ്ങും. കല്ലടയാറ്റിലെ വെള്ളമൊഴുക്ക് തൂണിനെ ബാധിക്കാതിരിക്കാനാണ് ഭിത്തി നിർമിക്കുന്നത്. ബെയ്്്ലി പാലത്തിന്റെ ഏനാത്ത് ഭാഗത്തെ തൂണിനുചുറ്റും സംരക്ഷണഭിത്തിയുടെ നിർമാണം നേരത്തെ പൂർത്തിയാക്കിയിരുന്നു. പഴയ തൂണുകൾ നീക്കം ചെയ്താലുടൻ പുതിയ തൂണുകളുടെ കോൺക്രീറ്റ് ജോലികൾ തുടങ്ങുന്നതിനാണ് തീരുമാനം.