മുർഖൻ പാമ്പ് വീടിന്റെ അടിത്തറയിൽ മുട്ടയിട്ട് അടയിരുന്നിട്ടു മൂന്നാഴ്ച. വീട്ടുകാരും സമീപവാസികളും ഭീതിയിൽ. നെടുങ്കണ്ടം വണ്ടൻമേട് നിരപ്പേൽസിറ്റി മങ്കത്താനത്തു സന്തോഷിന്റെ വീടിന്റെ അടിത്തറയിലാണു പാമ്പ് മുട്ടയിട്ട് അടയിരിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി രണ്ടു മൂർഖൻ പാമ്പുകളാണ് അടിത്തറയ്ക്കുള്ളിൽ കയറിയിരിക്കുന്നതെന്നു വീട്ടുകാർ പറയുന്നു. സന്തോഷ് സമീപത്തെ കോളജിലെ ഡ്രൈവറാണ്. വീട്ടിൽ പ്രായമായ അമ്മ മാത്രമാണുള്ളത്. ഇതോടെ സന്തോഷിനു ജോലിക്കു പോകാനാവാത്ത സ്ഥിതിയാണ്.
രാവിലെ 11നും ഉച്ചകഴിഞ്ഞു രണ്ടിനുമാണു പാമ്പ് മാളത്തിൽനിന്നും തീറ്റതേടി പുറത്തേയ്ക്ക് എത്തുന്നത്. ഇൗ സമയം വീട്ടുകാർ പുറത്തേയ്ക്കുപോലും ഇറങ്ങാതെ ഭീതിയിലാണു വീട്ടിനുള്ളിൽ കഴിഞ്ഞുകൂടുന്നത്. പാമ്പിനെ ഭയന്നു സമീപവാസികൾപോലും വീട്ടിൽ വരാത്ത അവസ്ഥയാണെന്നു സന്തോഷ് പറയുന്നു. മുട്ടയിട്ട് അടയിരിക്കുന്ന പാമ്പായതിനാൽ പാമ്പ് പിടുത്തക്കാരും സ്ഥലത്ത് എത്താൻ മടിക്കുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. വനംവകുപ്പ് ഇടപെടണമെന്നാണു നാട്ടുകാരുടെ ആവശ്യം.