മൂന്നരക്കിലോ കഞ്ചാവുമായി യുവതികളടക്കം നാലുപേര്‍ മുണ്ടക്കയത്ത് അറസ്റ്റിലായി. ടൂറിസ്റ്റുകളെന്ന വ്യാജേന കമ്പത്തുനിന്നും ആലപ്പുഴയിലേക്ക് സ്ഥിരമായി കഞ്ചാവ് എത്തിച്ചിരുന്നവരാണ് പിടിയിലായത്.
ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ അനൂപ് അഷ്റഫ്, ഷെഫീഖ് ഷൗക്കത്ത്, ജസ്നി, കോഴിക്കോട് സ്വദേശിനി വി.ഷീബ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. കുമളി എക്സൈസ് ചെക്ക് പോസ്റ്റില്‍ എക്സൈസ് സംഘം പരിശോധന നടത്തുന്നതിനിടെ വാഹനം നിര്‍ത്താതെ അതിവേഗം കടന്നുപോയി. വിവരം ലഭിച്ചതനുസരിച്ച് പീരുമേട് എക്സൈസ് സംഘം വഴിയില്‍ തടഞ്ഞെങ്കിലും വീണ്ടും രക്ഷപെട്ടു. വിടാതെ പിന്തുടര്‍ന്ന എക്സൈസുകാര് മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപം വാഹനം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടപ്പോള്‍ ഇവരെ പിടികൂടി.
അടുത്തിടെ ആലപ്പുഴയില്‍ പിടിയിലായ കഞ്ചാവ് കടത്ത് സംഘത്തിന്റെ ഭാഗമാണ് നാലംഗ സംഘം. വര്‍ഷങ്ങളായി കമ്പത്തുനിന്നും ആലപ്പുഴയിലേക്ക് കഞ്ചാവ് കൊണ്ടുവരുന്നവരാണ് പിടിയിലായ നാലുപേരും.പീരുമേട് എക്സൈസ് സി.ഐ വി.എ സലിം ,ഇൻസ്പെക്ടർ മായ സെബാസ്റ്റ്യൻ ,അൽഫോൻസ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.