കണ്ണൂര്‍ കോര്പ്പറേഷന് കെട്ടിടം നിര്മിച്ചുനല്കാത്തതിനാല് അനാഥമായി അംഗന്‍വാടിയിലെ ഇരുപതിലധികം കുരുന്നുകള്‍. കണ്ണോത്തുംചാലില്‍ താല്‍ക്കാലിക ആശ്രയമായ ഫോറസ്റ്റ് ഒാഫീസ് മുറി അടച്ചിടാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായതോടെയാണ് കുരുന്നുകള്‍ പുറത്തായത്.
മുപ്പത്തിരണ്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ അംഗന്‍വാടിയിലെ കുരുന്നുകളുടെ കരച്ചിലിന് പലകാരണങ്ങളുണ്ട്. മാസങ്ങളായി ആശ്രയമായിരുന്ന ഫോറസ്റ്റ് ഒാഫീസ് കെട്ടിടം ഇന്നലെ രാവിലെ എത്തിയപ്പോള്‍ പൂട്ടിയിട്ടതോടെ കുരുന്നുകള്‍ പുറത്തായി. മഴപെയ്ത് വെള്ളക്കെട്ട് രൂക്ഷമായതോടെ മേയര്‍ ഇടപെട്ടാണ് അംഗന്‍വാടി താല്‍ക്കാലിക കേന്ദ്രത്തിലേക്ക് മാറ്റിയത്.പറഞ്ഞ അവധികഴിഞ്ഞിട്ടും കോര്പ്പറേഷന് കെട്ടിടം പണി ആരംഭിച്ചിട്ടുപോലുമില്ല. കോര്‍പ്പറേഷനെ വിശ്വസിച്ച് കുരുന്നുകള്‍ക്ക് താല്‍ക്കാലിക സഹായം നല്കിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇതോടെ വെട്ടിലായി.
രാവിലെ പുറത്തിരുന്ന കുട്ടികളെ മാതാപിതാക്കള്‍ എത്തി മടക്കികൊണ്ടു പോയി.പിന്നീട് കോര്പ്പറേഷന് അധികൃതര്‍ എത്തി ചര്‍ച്ചനടത്തിയ ശേഷമാണ് രണ്ടു മാസം കൂടി താമസം സൗകര്യം ഫോറസ്റ്റ് അധികൃതര്‍ അനുവദിച്ചത്. എട്ടുലക്ഷം രൂപ അംഗന്‍വാടി കെട്ടിടത്തിനായി അനുവദിച്ചിട്ടുണ്ടെങ്കിലും അനുയോജ്യമായ സ്ഥലം ലഭിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. മഴക്കാലം എത്തുന്നതിന് മുമ്പെങ്കിലും സ്ഥിരസംവിധാനം ഒരുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.