തദ്ദേശിയരെ ഉള്‍പ്പെടുത്തി ഇന്ത്യയില്‍ ആദ്യക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തിയ തലശേരി സ്റ്റേഡിയം നവീകരിക്കുന്നു. പത്തുകോടി രൂപ ചെലവില്‍ ബാസ്ക്കറ്റ് ബോളിനും ഹോക്കിക്കും ഫുട്ബോളിനും പ്രത്യേകസംവിധാനങ്ങളൊരുക്കി തയാറാക്കുന്ന സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് കളിക്കാന്‍ മാത്രം സൗകര്യമില്ല.
1792 ല്‍ ആര്‍തര്‍ വെല്ലസ്ലിയുടെ നേതൃത്വത്തിലാണ് തലശേരിയിലെ കായികതാരങ്ങളെ കൂടി ഉള്‍പ്പെടുത്തി ആദ്യക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ജന്മസ്ഥലംകൂടിയായ തലശേരിയില്‍ ദേശീയഗെയിംസിന്റെ ഫണ്ട് കൂടി ഉപയോഗപ്പെടുത്തിയാണ് സ്റ്റേഡിയം നവീകരിക്കുന്നത്. ബാസ്ക്കറ്റ് ബോളിനും ഫുട്ബോളിനും ഹോക്കിക്കും പ്രത്യേകം സ്ഥലങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ഗ്രൗണ്ടിനുചുറ്റും ട്രാക്കും ഒരുക്കുന്നുണ്ട്.
ഇ.നാരായണന് സ്മാരകഫുട്ബോള് ടൂര്‍ണമെന്റിന് മുമ്പാകെ സ്റ്റേഡിയം നവീകരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. എന്നാല്‍ തലശേരിയിലെ കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി കമ്മിറ്റിപോലും രൂപീകരിക്കാതെയാണ് സ്റ്റേഡിയം നവീകരണം നടത്തുന്നതെന്നും ആരോപണമുണ്ട്. ക്രിക്കറ്റ് കളിക്കാനും സൗകര്യമില്ല. സമീപത്തെ സ്കൂളുകളിലെ കുട്ടികളുടെ ഏകആശ്രയമായ സ്റ്റേഡിയം നവീകരിക്കുന്നതോടെ പാവപ്പെട്ട കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യവും തടസപ്പെടുമോ എന്ന ആശങ്കയും കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ട്.