അമ്പത്തിയേഴാം സംസ്ഥാനസ്കൂള്‍ കലോല്‍സവത്തിന് കണ്ണൂര്‍ നഗരം ഒരുങ്ങിയപ്പോഴും രാത്രികാലങ്ങളില്‍ നഗരം കയ്യടക്കുന്നത് കന്നുകാലികള്‍ . യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീതി സൃഷ്ടിക്കുന്ന കന്നുകാലിക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കോര്‍പ്പറേഷനും കഴിഞ്ഞിട്ടില്ല. കലോല്‍സവ നാളുകളിലെ രാത്രികളില്‍ ഭീതിവിതക്കുന്ന കന്നുകാലികളെ പിടിച്ചുകെട്ടണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കാലിച്ചന്തയായി മാറിയിരിക്കുകയാണ് കണ്ണൂര്‍ നഗരം. പകലും രാത്രിയും വ്യത്യാസമില്ലാതെ നിരത്തുകളിലൂടെ സ്വൈര്യവിഹാരം നടത്തുന്ന കന്നുകാലിക്കൂട്ടം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏറെ ഭീതിയും സൃഷ്ടിക്കുന്നുണ്ട് . മനോരമ ന്യൂസ് മുമ്പ് പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്ന് നഗരസഭ ആസൂത്രണം ചെയ്ത ഒാപ്പറേഷന് കന്നുകാലിയും തുടക്കത്തിലേ പാളി.ഉടമയുണ്ടെങ്കിലും കന്നുകാലികളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കില്ല. മനുഷ്യരുടെ പരാക്രമം കൂടാതെ കന്നുകാലികളുടെ ആക്രമണവും ഭയക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍ .
നഗരസഭ പിടിച്ചുകെട്ടിയ കന്നുകാലികളെ സമ്മര്‍ദമുപയോഗിച്ച് രക്ഷിച്ചുകൊണ്ടുപോയി നഗരത്തില്‍ വീണ്ടും മേയാന്‍ വിട്ടിരിക്കുകയാണ് ഉടമകള്‍ . റോഡരികിലെ പഴം , പച്ചക്കറികടക്കാര്‍ക്കും കന്നുകാലിക്കൂട്ടം പേടിസ്വപ്നമാണ്. നാല്ക്കാലിക്കൂട്ടം നിയമം ചോദ്യം ചെയ്ത് വിഹരിക്കുമ്പോള്‍ നിയമം നടപ്പിലാക്കേണ്ട ഇരുകാലികള്‍ ഇതൊന്നും കണ്ട മട്ടേ നടിക്കുന്നില്ല.