കരാറുകാര്‍ തമ്മിലുള്ള തര്‍ക്കം മൂലം കണ്ണൂര്‍ പയ്യാമ്പലം പാര്‍ക്ക് പൂട്ടിയതോടെ വിനോദസഞ്ചാര മേഖലക്ക് തിരിച്ചടിയായി. ദിനംപ്രതി ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന ബീച്ചും പയ്യാമ്പലം പാര്‍ക്കും ഇതോടെ നശിക്കാന്‍ തുടങ്ങി. പാര്‍ക്കിനുള്ളിലെ കടകള്‍ക്ക് ലൈസന്‍സില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോര്പ്പറേഷന് പാര്‍ക്ക് പൂട്ടിച്ചത്.
പയ്യാമ്പലം പാര്‍ക്ക് വാടകക്കെടുത്ത രണ്ട് കരാറുകാര്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് പാര്‍ക്ക് പൂട്ടുന്നതിലേക്ക് വഴിതെളിച്ചത്. രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ഇടപെട്ടിട്ടും തര്‍ക്കത്തിന് പരിഹാരമാകാതിരുന്നതോടെ കോര്പ്പറേഷന് ഇടപെട്ട് പാര്‍ക്ക് പൂട്ടാന്‍ നോട്ടീസ് നല്‍കുകയായിരുന്നു.ഇതോടെ ശില്പി കാനായി കുഞ്ഞിരാമന്റെ അമ്മയും കുഞ്ഞും ശില്പം ഉള്‍പ്പെടെ അനാഥമായി. പാര്‍ക്കിനുള്ളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ജില്ലാടൂറിസം പ്രമോഷന് കൗണ്‍സിലും കരാറുകാരനും നടത്തിയ വികസനങ്ങളും പാഴായി. ദൂരെസ്ഥലങ്ങളില്‍ നിന്നുപോലും പയ്യാമ്പലം ബീച്ചും പാര്‍ക്കും കാണാനെത്തുന്നവര്‍ നിരാശയോടെ മടങ്ങിപ്പോകുകയാണ്
പയ്യാമ്പലം പാര്ക്കിന് സമീപത്തെ പ്രമുഖരുടെ സ്മൃതിമണ്ഡപങ്ങളും വിശാലമായ പയ്യാമ്പലം ബീച്ചും കണ്ണൂര്‍ കോട്ടയും കാണാന്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിവിധജില്ലകളില്‍ നിന്നും സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ എത്തുന്നുണ്ട്. ലൈസന്‍സിന്റെ പേരില്‍ പാര്‍ക്ക് പൂട്ടിയതോടെ ജില്ലാടൂറിസം പ്രമോഷന് കൗണ്‍സിലും വെട്ടിലായി. ജില്ലഭരണകൂടം ഇടപെട്ട് പാര്‍ക്ക് ഉടന്‍ തുറന്നുകൊടുത്തില്ലെങ്കില്‍ അവധിക്കാലമാകുന്നതോടെ വിനോദസഞ്ചാരമേഖയില് കണ്ണൂരിന് കനത്ത തിരിച്ചടിയാകും.