കോഴിക്കോട് രാമനാട്ടുകര, വെങ്ങളം ബൈപ്പാസിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മനുഷ്യച്ചങ്ങല തീർത്തു. ദേശീയപാത വികസിപ്പിക്കുമ്പോൾ മൊകവൂർ ഭാഗത്ത് യാത്ര മുടങ്ങുമെന്ന ആശങ്കയിലാണ് പ്രതിഷേധ സമരം
കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാതയാക്കാനുള്ള ടെണ്ടറിൽ മൊകവൂർ ഭാഗത്ത് അടിപ്പാതകളില്ല. ഇങ്ങനെ വന്നാൽ മൊകവൂർ ഭാഗത്തെ ജനങ്ങൾക്ക് റോഡുമുറിച്ചു കടക്കണമെങ്കിൽ രണ്ടുകിലോമീറ്ററെങ്കിലും അധികം സഞ്ചരിക്കണം. ഈ ദുർഗതി ഉണ്ടാവാതിരിക്കാനാണ് കൈകോർത്തുള്ള പ്രതിഷേധം. ഇത് സമരത്തിന്റെ മൂന്നാംഘട്ടമാണ്.
കാമ്പുറത്ത് കാവ്, കുനിമ്മൽ താഴം ജംക്ഷനുകളിൽ അടിപ്പാത വേണമെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം. യാത്രാപ്രശ്നത്തിന് ശാശ്വതപരിഹാരം കാണും വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.