കോഴിക്കോട് മാനാഞ്ചിറ, വെള്ളിമാടുകുന്ന് റോഡ് വികസനത്തിന്റെ പേരില്‍ സ്ഥലം നഷ്ടപ്പെട്ട വ്യാപാരികള്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. സ്ഥലം ഒഴിഞ്ഞു കൊടുത്തവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
രണ്ടുവര്‍ഷം മുമ്പ് റോഡ് വികസനത്തിനായി സ്ഥലം വിട്ടുനല്‍കിയ മലാപ്പറമ്പ് ദേശീയപാതയോരത്തെ കച്ചവടക്കാരും തൊഴിലാളികളുമാണ് വായ്മൂടിക്കെട്ടി പ്രതിഷേധവുമായെത്തിയത്. ഇവര്‍ക്ക് അടിയന്തര സഹായമായി രണ്ടുലക്ഷം രൂപയും ആറുമാസത്തെ വേതനവും കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഭരണമാറ്റം കാരണം ഇത് നടപ്പായില്ല. ഇക്കാര്യത്തില്‍ ഉടന്‍ നടപടി വേണമെന്നാണ് ആവശ്യം.
500 കോടിയുടെ പദ്ധതിയില്‍ 5 കോടി പോലും വേണ്ടാത്ത നടപടിക്ക് സര്‍ക്കാര്‍ ഉടന്‍ തീരുമാനമുണ്ടാക്കണം. റോഡ് വികസനത്തിന് ഏറ്റെടുത്ത ഭൂമി കാടുപിടിച്ച് കിടക്കുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. മാനാഞ്ചിറ, വെള്ളിമാടുകുന്ന് റോഡ് വികസന പീഡിത കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു സമരം.