കണ്ണൂര്‍ പെരിങ്ങോം ഞെക്ലി എ.എല്‍.പി സ്കൂളിലെ കുട്ടികള്‍ സ്കൂള്‍ മുറ്റത്ത് ഒരുക്കിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നാടിന്റെ ഉല്‍സവമായി. അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെയാണ് കുരുന്നുകള്‍ സ്കൂള്‍ മുറ്റത്ത് കൃഷിയിറക്കിയത്.
ഞെക്ലി എ എല്‍പി സ്കൂളിലെ കുരുന്നുകള്‍ക്ക് വിളവെടുപ്പ് അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു.സ്കൂള്‍ പിടിഎയുടെ സഹായത്തോടെ പതിനഞ്ച് സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയത്. പുതിയ തലമുറയെ കാര്‍ഷിക സംസ്കൃതിയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യം നിര്‍ത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. പയര്‍, വെണ്ട, തക്കാളി വെള്ളരി, മത്തന്‍ എന്നിവയെല്ലാം ഈ കുട്ടി കര്‍ഷകരുടെ കൃഷിയിടത്തില്‍ സമൃദ്ധമായി വിളഞ്ഞു. വിളവെടുത്ത പച്ചക്കറികള്‍ സ്കൂളിലെ ഉച്ചഭക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്.
സ്കൂള്‍ ഗ്രൗണ്ടിന് ചുറ്റിലും നടത്തിയ കൃഷിക്കായി നിലമൊരുക്കിയതും വിത്ത് വിതച്ചതും കുട്ടികള്‍ തന്നെ. വിവിധ ഗ്രൂപ്പുകള്‍ക്കായിരുന്നു കൃഷി പരിപാലനത്തിനുള്ള ചുമതല. രാവിലേയും വൈകിട്ടും വെള്ളം കോരുന്നതിനും തടമെടുക്കുന്നതിനും വളമിടുന്നതിനുമെല്ലാം ഈ കുട്ടിക്കൂട്ടം പരസ്പരം മല്‍സരിച്ചതോടെ ജൈവരീതിയില്‍ വിളവിറക്കിയ കൃഷിക്ക് നൂറുമേനി വിളവായി.