മല്‍സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെടുന്നില്ലെന്നാരോപിച്ച് കണ്ണൂരില്‍ മല്‍സ്യത്തൊഴിലാളി യൂണിയന് സമരം തുടങ്ങുന്നു. ആയിക്കരയിലെ മല്‍സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സഹായം പോലും അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്ന് ആരോപിച്ച് സി.ഐ.ടി.യു ജില്ലാകമ്മിറ്റി ഫിഷറീസ് ഒാഫീസിലേക്ക് മാര്‍ച്ചും നടത്തി.
മല്സ്യത്തൊഴിലാളികളല്ലാത്തവരെപോലും സര്‍ക്കാരിന്റെ സഹായത്തിനായി ഉദ്യോഗസ്ഥര്‍ പട്ടികയില്‍ തിരുകി കയറ്റുന്നുവെന്നാണ് മല്‍സ്യത്തൊഴിലാളി യൂണിയന്റെ ആക്ഷേപം. ഇതുസംബന്ധിച്ച് ഡിഡിഇ ക്ക് ഒന്നരമാസം മുമ്പ് പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഫിഷറീസ് ഒാഫീസിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയത്. മല്‍സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് സ്കൂളില്‍ നിന്ന് ലഭിക്കേണ്ട ഗ്രാന്റുപോലും വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥര്‍ താല്‍പ്പര്യം കാണിക്കുന്നില്ല. പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ സമരം ശക്തിപ്പെടുത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
തൊഴിലാളികള്‍ക്ക് വീടുനിര്‍മാണത്തിന് ഉള്‍പ്പെടെയുള്ള സഹായങ്ങളെല്ലാം നിലച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം സഹായങ്ങള്‍ നഷ്ടപ്പെടുന്നുവെന്നാണ് തൊഴിലാളികളുടെ പരാതി. ആയിക്കരയിലെ ഡ്രജിങ് നിലച്ചതിനെതിരേയും നിരാഹാരം സമരത്തിന് ഒരുങ്ങുകയാണ് മല്‍സ്യത്തൊഴിലാളി യൂണിയന്.