കണ്ണൂര്‍ ജില്ലാആശുപത്രിയില്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ പ്രതിഷേധം. ഒമ്പതുമാസത്തിലധികമായി ശമ്പളം തടഞ്ഞുവെച്ചിരിക്കുന്നതായാണ് ഡോക്ടര്‍മാരുടെ പരാതി.എന്നാല്‍ ശമ്പളനടപടിക്ക് ആവശ്യമായ രേഖകള്‍ ഹാജരാക്കാതിരുന്നതാണ് ഒമ്പതു ഡോക്ടര്‍മാരുടെ ശമ്പളം വൈകാന്‍ കാരണമെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.
ഒമ്പതുമാസത്തിലധികമായി ശമ്പളം ലഭിക്കാത്ത ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധവുമായി ജില്ലാആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചത്. ആശുപത്രിയിലെ ധനകാര്യവും ഡോക്ടര്‍മാരുടെ ശമ്പളവിവരങ്ങളും കൈകാര്യംചെയ്യുന്ന സോഫ്റ്റുവെയര്‍ തകരാറിലായിട്ടും നന്നാക്കാന്‍ പോലും നടപടിയെടുത്തിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ പരാതി. ശമ്പളം ഉടന്‍ ലഭ്യമാക്കാന്‍ ഇടപെടുമെന്ന് ഉറപ്പുലഭിച്ചതോടെ ഡോക്ടര്‍മാര്‍ പ്രതിഷേധം അവസാനിപ്പിച്ചു. എന്നാല്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം അനാവശ്യമാണെന്നും രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും എത്തിക്കാതിരുന്നതാണ് ശമ്പളം വൈകാന്‍ കാരണമെന്നും സൂപ്രണ്ട് വിശദീകരിച്ചു.
രാവിലെ ആശുപത്രിയില്‍ വിവിധആവശ്യങ്ങള്ക്കായെത്തിയ ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബുദ്ധിമുട്ടിലായി.
അഞ്ഞൂറ്റിഅമ്പതിലേറെ ജീവനക്കാരുള്ള ജില്ലാആശുപത്രിയില്‍ ആയിരക്കണക്കിന് രോഗികളാണ് ദിനംപ്രതിഎത്തുന്നത്. ശമ്പളം ലഭിച്ചില്ലെങ്കില്‍ മാര്‍ച്ച് ഒന്നുമുതല്‍ ക്യാഷ്വാലിറ്റി വരെ ബഹിഷ്കരിച്ച് സമരം നടത്താനാണ് ഡോക്ടര്‍മാരുടെ തീരുമാനം.