എംജിആറിന്റെ ജന്മശതാബ്ദിയിൽ ഒാർമപുതുക്കി പാലക്കാട്ടെ വടവന്നൂർ ഗ്രാമം. അമ്മവീടിന്റെ ശേഷിപ്പുകൾ മാത്രമാണുളളതെങ്കിലും ചിത്രക്കൂട്ടുകളൊരുക്കിയായിരുന്നു നാട്ടുകാരുടെ അനുസ്മരണം.
മരുതൂർ ഗോപാലൻ രാമചന്ദ്രൻ എന്ന എംജിആറിനെ ഒാർക്കുന്നവരാരും ഇന്ന് വടവന്നൂരിൽ ഇല്ല. പക്ഷേ പുതിയ തലമുറയ്ക്ക് കാഴ്ചയായി എംജിആറിന്റെ അമ്മ സത്യഭാമയുടെ മരുതൂർ തറവാട്. അമ്മവീട് ഇന്ന് പഞ്ചായത്തിന്റെ അങ്കണവാടിയാണ്. സത്യഭാമയുടെ പേര് സത്യവിലാസം എന്ന് കൊത്തിവച്ച കിണറും ഇവിടെയുണ്ട്്. എംജിആർ ജനിച്ചത് ശ്രീലങ്കയിലെ കാൻഡിയിലാണെങ്കിലും ബാല്യംകാല ജീവിതം ഒാർമപ്പെടുത്തിയാണ് വടവന്നൂരുകാർ എന്നും അഭിമാനിക്കുക. ജന്മശതാബ്ദി വേളയിൽ നാടൊന്നാകെ മക്കൾ തിലകത്തെ അനുസ്മരിച്ചു. വടവന്നൂർ എഎംഎംയുപി സ്കൂളിൽ ഒരുക്കിയ കൂറ്റൻ ചുവർചിത്രം ആകർഷകമായി. ലളിതമായ ചടങ്ങിൽ അറിവുകൾ പങ്കുവയ്ക്കാൻ പ്രമുഖരും. ഇന്ത്യൻ നാഷനൽ ട്രസ്റ്റ് ഫോർ ആട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് എന്ന സംഘടനയാണ് ചടങ്ങ് സംഘടിപ്പിച്ചത്.