കോടികള്‍മുടക്കി ആരംഭിച്ച കണ്ണൂര്‍ പഴശി കനാല്‍ കാടുകയറി. മട്ടന്നൂരിലും കണ്ണൂരിലും വ്യാപിച്ചുകിടക്കുന്ന കനാല്‍ ഇപ്പോള്‍ മാലിന്യംതള്ളുന്നതിനായാണ് ഉപയോഗിക്കുന്നത്.
കണ്ടാല്‍ വനമാണെന്ന് തോന്നുമെങ്കിലും ഇതുമൊരു കനാലാണ്. നാലുപതിറ്റാണ്ടുമുമ്പ് കൃഷി ആവശ്യത്തിനായി ആരംഭിച്ച പഴശി ജലസേചന പദ്ധതിയുടെ ഭാഗമായ കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന കനാല്‍.തുടക്കം മുതല്‍ ജലസേചനം നടന്നില്ലെന്ന് മാത്രമല്ല ഏക്കറുകണക്കിന് സ്ഥലം പാഴായിപോകുകയും ചെയ്തു. വലിയ മരങ്ങള്‍ കനാലില്‍ വളര്‍ന്നു.കനാല്‍ കാണാന്‍ കഴിയാത്തവിധം കാടുകയറിയതോടെ മാലിന്യം വലിച്ചെറിയാനുള്ള സുരക്ഷിതകേന്ദ്രവുമായി കനാല്‍ മാറി.
കനാലിന്റെ ഭൂരിഭാഗം സ്ഥലങ്ങളും കയ്യേറി കനാലിന് കുറുകെ മണ്ണിട്ട് സ്ഥലമാക്കി മാറ്റിക്കഴിഞ്ഞു.ജനവാസകേന്ദ്രത്തിലൂടെ കടന്നുപോകുന്ന കനാലില്‍ ജീവികളും താമസമാക്കിയതോടെ ജനങ്ങളുടെ സമാധാനം നഷ്ടപ്പെട്ടു. പദ്ധതി ഉപേക്ഷിച്ചിട്ടും കനാല്‍ ഉപേക്ഷിക്കാതെ ഉദ്യോഗസ്ഥരും ഒളിച്ചുകളിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് രോഗംപടരുന്നതും തുടര്‍ച്ചയായതോടെ കനാലിനെതിരെ സമരത്തിനൊരുങ്ങുകയാണ് ജനങ്ങള്‍.