കണ്ണൂര്‍ മണലില്‍ മാലിന്യനിക്ഷേപവും കാട്ടുചെടികളും ഒരു തോടിനെ ഇല്ലാതാക്കി. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന തോട് നികന്നതോടെ വെള്ളമൊഴുക്കും നിലച്ചു. നശിച്ചുകൊണ്ടിരിക്കുന്ന ജലസ്രോതസിനെ രക്ഷിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പൊടിക്കുണ്ട് നിന്നാരംഭിച്ച് മണല്‍ അഞ്ചുതെങ്ങ് പ്രദേശങ്ങളിലൂടെ ഒഴുകി കടലിലേക്ക് എത്തിച്ചേരുന്ന തോടാണ് ഇല്ലാതായത്.മാലിന്യവും കാടും നിറഞ്ഞതോടെ ഒരു തുള്ളി വെള്ളം പോലും തോട്ടില്‍ ഇപ്പോള്‍ കാണാന്‍ കഴിയില്ല.മഴക്കാലത്ത് തോട്ടിലൂടെ വെള്ളമൊഴുക്ക് തടസപ്പെടുന്നതോടെ സമീപത്തെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറുന്നതും പതിവായി.
തോട്ടിലെ മണ്ണുനീക്കം ചെയ്യുന്നതിനും ഭിത്തികെട്ടുന്നതിനും പഞ്ചായത്ത് എട്ടുലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പണികള്‍ ആരംഭിച്ചില്ല. പഞ്ചായത്ത് മാറി കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് എത്തിയെങ്കിലും അനാസ്ഥക്ക് മാറ്റമുണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.ഈ മഴക്കാലത്തിനുമുമ്പെങ്കിലും തോടിനെ സംരക്ഷിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രദേശത്തെ വീട്ടുകാരുടെ ദുരിതവും ഇരട്ടിയാകും.