കരകാണാക്കടലിൽ 'അജ്മീർ ഷാ'; തിരച്ചില്‍ നിർത്തി കോസ്റ്റ്ഗാർഡ്; ആശങ്ക

boat-02
SHARE

ടൗട്ടെ ചുഴലിക്കാറ്റിനെതുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ മല്‍സ്യതൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ കോസ്റ്റ്ഗാര്‍ഡ് അവസാനിപ്പിച്ചു. നാവികസേന മാത്രമാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്. ബോട്ട് കാണാതായിട്ട് ഒരു മാസം ആകാന്‍ പോവുകയാണെങ്കിലും തിരച്ചില്‍ അവസാനിപ്പിക്കരുതെന്നാണ് മല്‍സ്യതൊഴിലാളികളുടെയും ബോട്ട് ഉടമകളുടെയും അഭ്യര്‍ഥന. 

16 മല്‍സ്യതൊഴിലാളികളുമായി അജ്മീര്‍ ഷാ എന്ന ബോട്ട് കാണാതായിട്ട് 28 ദിവസമായിട്ടും സൂചനകളൊന്നും ലഭിക്കാത്തതിന്‍റെ പശ്ചാത്തലത്തിലാണ് കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ അവസാനിപ്പിച്ചത്. ലക്ഷദ്വീപിനടത്തുവരെ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ തിരച്ചില്‍ നടത്തി. ഡോണിയര്‍ വിമാനമുപയോഗിച്ച് 200 നോട്ടിക്കല്‍ ൈമല്‍ ദൂരവും തിരഞ്ഞു. ബോട്ട് അവസാനമായി മീന്‍പിടിച്ചിരുന്ന ഏകദേശ സ്ഥലം മനസിലാക്കി ബേപ്പൂരില്‍ നിന്നുള്ള മല്‍സ്യതൊഴിലാളികളും പ്രത്യേക തിരച്ചില്‍ നടത്തി. നിരാശയായിരുന്നു ഫലം. 

കാണാതായവര്‍ തമിഴ്നാട്, ബംഗാള്‍ സ്വദേശികളാണ്. തിരച്ചില്‍ എവിടെയെത്തിയെന്നറിയാന്‍ തമിഴ്നാട്ടില്‍ നിന്നും ബംഗാളില്‍ നിന്നും ഇവിടെയെത്തിയ ബന്ധുക്കള്‍ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ്. മല്‍സ്യതൊഴിലാളികളെ കാണാതായ ദിവസം കാറ്റിന്‍റെ ദിശ ഏതു ദിക്കിലേക്കായിരുന്നുവെന്ന് മനസിലാക്കി അവിടങ്ങളിലേയ്ക്ക് തിരച്ചില്‍ വ്യാപിപ്പിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. എന്‍ജിന്‍ തകര്‍ന്ന് ബോട്ട് ആള്‍പാര്‍പ്പില്ലാത്ത ഏതെങ്കിലും ദ്വീപില്‍ എത്തിപ്പെടുകയോ മണല്‍തിട്ടയില്‍ ഇടിച്ചുനില്‌‍ക്കുകയോ ചെയ്തിട്ടിട്ടുണ്ടാകാം എന്നാണ് ബോട്ട് ഉടമകളുടെ വാദം. 

MORE IN NORTH
SHOW MORE
Loading...
Loading...