സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളെ തിരിച്ചറിഞ്ഞു

fishermen-24
SHARE

കാസർകോട് കുമ്പളയിൽ കോസ്റ്റല്‍ പൊലീസിലെ രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം ഊര്‍ജിതം. പ്രതികളായ മല്‍സ്യത്തൊഴിലാളികളെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. ബോട്ടുടമയെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകും. 

തിങ്കളാഴ്ചയാണ് കുമ്പള കോസ്റ്റല്‍ സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സുദീഷ്, രഘു എന്നിവരെ മംഗളൂരുവില്‍നിന്നുള്ള മല്‍സ്യത്തൊഴിലാളി സംഘം തട്ടിക്കൊണ്ടുപോയത്. ‌കോസ്റ്റല്‍ പൊലീസ് ഉടന്‍ ഇടപെട്ടതോടെ മിനിറ്റുകള്‍ക്കകം മോചിപ്പിച്ചു. രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയ ബോട്ട് കരയ്ക്കടുപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിവേഗത്തില്‍ മംഗളൂരു ഹാര്‍ബറിലേക്ക് ബോട്ട് ഓടിച്ചുപോവുകയായിരുന്നു. കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബോട്ടില്‍നിന്ന് ലഭിച്ച തിരിച്ചറിയല്‍ രേഖകള്‍ വച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 

തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ. കുമ്പള സ്റ്റേഷനിലെ അന്വേഷണസംഘം ഇതിനകം രണ്ടുതവണ മംഗളൂരുവിലെത്തി അന്വേഷണം നടത്തി. അതിനിടെ രേഖകളില്ലാതെയും അനുവദനീയമായ മാര്‍ഗത്തിലൂടെ അല്ലാതെയും മല്‍സ്യബന്ധനം നടത്തുന്ന മുഴുവന്‍ ബോട്ടുകളും പിടിച്ചെടുക്കാനാണ് പൊലീസ് തീരുമാനം. 

MORE IN NORTH
SHOW MORE
Loading...
Loading...