കോടഞ്ചേരിയില്‍ ആക്രമണത്തിനിരയായ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്ന് വനിത കമ്മിഷന്‍

kodanchery-family-t
SHARE

കോഴിക്കോട് കോടഞ്ചേരിയില്‍ ആക്രമണത്തിനിരയായ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്ന് വനിത കമ്മിഷന്‍ നിര്‍ദേശം. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെ ആറുപേര്‍ അറസ്റ്റിലായ കേസിലാണ് ഇടപെടല്‍. സി.പി.എമ്മിന്റെ പ്രതിഷേധ കൂട്ടായ്മയില്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്ന് കാട്ടി ആക്രമണത്തിനിരയായ ജോസ്ന സിബി കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. 

സിബിയെയും കുടുംബത്തെയും ആക്രമിച്ചതിന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെ ആറുപേരെ കഴിഞ്ഞദിവസം കോടഞ്ചേരി പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ജോസ്ന സിബി വനിത കമ്മിഷന് പരാതി നല്‍കിയത്. പലഭാഗത്ത് നിന്നായി ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നുമായിരുന്നു ആവശ്യം. അടിയന്തര നടപടിയ്ക്കായി കമ്മിഷനംഗം എം.എസ്.താര കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിയ്ക്ക് നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ കുടുംബത്തെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കണം. പൊലീസ് സംരക്ഷണവും നല്‍കണം. ജോസ്നയ്ക്കെതിരെയുണ്ടായ ആക്രമണത്തില്‍ ഗര്‍ഭസ്ഥശിശു മരിച്ചതായ പരാതിയില്‍ കൂടുതല്‍ അന്വേഷണമുണ്ടാകും. അടുത്തദിവസം സിബിയെയും കുടുംബത്തെയും എം.എസ്.താര സന്ദര്‍ശിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ആക്രമണമുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് നടപടി വൈകുന്നുവെന്ന് ആരോപിച്ച് സിബിയും ഭാര്യയും മക്കളും കോടഞ്ചേരി പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം തുടങ്ങിയിരുന്നു. പിന്നാലെയാണ് ആറുപേര്‍ പിടിയിലായത്. പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോ‍ടഞ്ചേരിയില്‍ സി.പി.എം കഴിഞ്ഞദിവസം പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. പ്രസംഗത്തിനിടയില്‍ ലോക്കല്‍ സെക്രട്ടറി ജാതിപ്പേര് വിളിച്ച് കളിയാക്കിയെന്ന് ആരോപിച്ചാണ് ജോസ്ന പൊലീസില്‍ പരാതി നല്‍കിയത്. താമരശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പരാതി പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 

MORE IN NORTH
SHOW MORE